ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പഹാര്‍പൂരില്‍ ലെവല്‍ ക്രോസില്‍ ട്രാക്‌ടറില്‍ ഇടിച്ച ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ആറ് പേര്‍ക്ക് പരിക്ക്. പഹാർപൂർ-റുബ്ബാസ് റെയിൽ സെക്ഷനിലെ ലെവല്‍ ക്രോസില്‍ ഇന്ന് (ജൂണ്‍ 24) പുലര്‍ച്ചെയാണ് സംഭവം.
ലെവല്‍ ക്രോസില്‍ വച്ച് ട്രാക്‌ടറില്‍ ഇടിച്ച ഗുഡ്‌സ് ട്രെയിനിന്‍റെ നാല് ബോഗികള്‍ പാളം തെറ്റുകയായിരുന്നുവെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രാക്‌ടറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ ജൂണ്‍ 21ന് ആന്ധ്രപ്രദേശിലും സമാന സംഭവം: ആന്ധ്രപ്രദേശിലെ വിജയനഗരം റെയില്‍വേ സ്റ്റേഷനില്‍ ജൂണ്‍ 21ന് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ലൂപ്പ് ട്രാക്കില്‍ നിന്നും മെയിന്‍ ട്രാക്കിലേക്ക് മാറുമ്പോഴായിരുന്നു അപകടം. സംഭവത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അപകടത്തിന് പിന്നാലെ ഈ സെക്ഷനില്‍ മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
മറക്കാനാകാതെ ഒഡിഷ ദുരന്തം: ഏതാനും ദിവസങ്ങള്‍ മുമ്പാണ് രാജ്യത്തെ നടുക്കി ഒഡിഷയില്‍ ട്രെയിന്‍ ദുരന്തം ഉണ്ടായത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ച് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പാളം തെറ്റി ഗുഡ്‌സ് ട്രെയിനിലേക്ക് മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസിലേക്ക് ഷാലിമാര്‍- ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്‌സ്‌പ്രസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ 288 പേരാണ് മരിച്ചത്.
1000 ത്തോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‌തു. അപകടത്തില്‍ പരിക്കേറ്റവരെ ബാലസോറിലെ ആശുപത്രിയില്‍ അടക്കം വിവിധയിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു-ഹൗറ സൂപ്പര്‍ ഫാസ്‌റ്റ് എക്‌സ്‌പ്രസിന്‍റെ നാല് ബോഗികളാണ് പാളം തെറ്റിയത്. ഭദ്രകില്‍ നിന്നും ഭുവനേശ്വറില്‍ നിന്നുമുള്ള അഗ്‌നി ശമന സേന അടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സംഭവ സ്ഥലത്തേക്ക്: കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അടക്കം നിരവധി നേതാക്കള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തിന് പിന്നാലെ അപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രി അശ്വിനി വൈഷ്‌ണവ് അപകടത്തിന്‍റെ ഇരകള്‍ക്ക് ധന സഹായവും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് മന്ത്രി പ്രഖ്യാപിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കുകയും നിരവധി ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്‌തു.