പനജി: തെഹൽക്ക മാഗസിൻ മുഖ്യപത്രാധിപൻ തരുൺ തേജ്പാലിനെതിരായ ലൈംഗികാതിക്രമ കേസിലെ വിധി മെയ് 19ന് പ്രഖ്യാപിക്കുമെന്ന് ഗോവ സെഷൻസ് കോടതി. 2013 നവംബറിലാണ് മുതിർന്ന മാധ്യമപ്രവർത്തകനായ തേജ്പാലിനെതിരെ സഹപ്രവർത്തകയെ ലൈംഗികപരമായി ചൂഷണം ചെയ്തെന്ന ആരോപണം ഉയരുന്നത്. 2013 നവംബർ 30നാണ് തേജ്പാൽ അറസ്റ്റിലായത്. 2014 മെയ് മുതൽ ജാമ്യത്തിലിറങ്ങി.
കൂടുതൽ വായനയ്‌ക്ക്: തെഹല്‍ക്ക കേസ്; ഇരയുടെ ക്രോസ് വിസ്‌താരം ഫെബ്രുവരി ആദ്യ വാരത്തേക്ക് നീട്ടി
അഡീഷണൽ ജില്ലാ കോടതി വിധി ഏപ്രിൽ 27ന് പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും ജഡ്ജി ക്ഷമ ജോഷി വിധി മെയ് 12ലേക്ക് മാറ്റിവച്ചിരുന്നു. അതേസമയം കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരുടെ അഭാവമാണ് വിധി വീണ്ടും മാറ്റി വച്ചതെന്ന് കോടതി ബുധനാഴ്ച അറിയിച്ചു. 15 ശതമാനം ഉദ്യോഗസ്ഥരുമായി മാത്രമാണ് കോടതി പ്രവർത്തിക്കുന്നത്. കേസിൽ ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.