പനാജി: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്‌പാലിനെ കുറ്റ വിമുക്തനാക്കി. ഗോവ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് 2013 നവംബറിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ എഫ്.ഐ.ആര്‍ എടുത്തത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.
2013 നവംബറില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം 2017 സെപ്റ്റംബറിലാണ് ബലാത്സംഗം, ലൈംഗികപീഡനം, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കോടതിതരുണ്‍ തേജ്‌പാലിനെതിരെ കേസെടുത്തത്. വിചാരണ പൂര്‍ത്തിയായ ശേഷം മൂന്നു തവണ കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു.
Also Read: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിൽ ഏറ്റുമുട്ടൽ; 13 നക്‌സലുകൾ കൊല്ലപ്പെട്ടു
തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികള്‍ തള്ളിയിരുന്നു. തരുണ്‍ തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍. ഷാ, ബി.ആര്‍. ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.