മുസാഫർപൂർ (ബിഹാർ) : മുസാഫർപൂരിൽ 55കാരന്‍റെ വൻകുടലിൽ നിന്ന് ഗ്ലാസ് ടംബ്ലർ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. വൈശാലി ജില്ലയിലെ മഹുവ സ്വദേശിയുടെ വയറിലാണ് ഗ്ലാസ് ടംബ്ലർ കുടുങ്ങിയത്. മാഡിപൂർ പ്രദേശത്തുള്ള ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടത്തിയത്.
കടുത്ത മലബന്ധവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാ സൗണ്ട്, എക്‌സ് റേ റിപ്പോർട്ടുകളിൽ കുടലിൽ ഗുരുതര തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് രോഗിയെ ശസ്‌ത്രക്രിയക്ക് പ്രവേശിപ്പിച്ചത്.
രോഗിയുടെ ദഹനനാളത്തിലേക്ക് ഇത്രയും വലിയ വസ്‌തു എങ്ങനെ എത്തിയെന്ന ആശങ്കയിലാണ് ഡോക്‌ടർമാരും ആശുപത്രി അധികൃതരും. ചായ കുടിക്കുന്നതിനിടയിൽ ടംബ്ലർ വിഴുങ്ങുകയായിരുന്നുവെന്നാണ് രോഗി നൽകിയ വിശദീകരണം.
എന്നാൽ മനുഷ്യന്‍റെ ദഹനനാളം വളരെ ഇടുങ്ങിയതാണ്. അതിലേക്ക് ഇത്തരമൊരു വസ്‌തു പോകുക സാധ്യമല്ല. അതിനാൽ രോഗിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ലെന്നും ഗ്ലാസ് ടംബ്ലർ എങ്ങനെ ഉള്ളിൽ ചെന്നുവെന്നത് ദുരൂഹമാണെന്നും ഡോക്‌ടർമാർ പറയുന്നു.
മലദ്വാരത്തിലൂടെയാകാം ഇത് അകത്തുചെന്നിട്ടുണ്ടാവുക എന്ന് ഡോക്‌ടർമാർ പറയുന്നു. എൻഡോസ്‌കോപ്പിയിലൂടെ മലാശയത്തിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്നാണ് കുടലിൽ മുറിവുണ്ടാക്കിയ ശേഷം വയറുതുറന്ന് ഇത് പുറത്തെടുത്തതെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. മഹമൂദുൽ ഹസൻ പറഞ്ഞു. രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.