പട്‌ന (ബിഹാർ): ബിഹാറില്‍ പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍. ഇന്ദ്രപുരി സ്വദേശി തനിഷ്‌ഖ് ശ്രീയും സഹര്‍സ സ്വദേശി ശ്രേയ ഘോഷുമാണ് സംരക്ഷണം ആവശ്യപ്പെട്ട് പട്‌ന എസ്‌എസ്‌പി മാനവ്‌ജിത്ത് സിങ് ധില്ലണിന്‍റെ വസതിയിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പരാതി സ്വീകരിക്കാന്‍ പട്‌ന വനിത പൊലീസ് സ്റ്റേഷന്‍ തയ്യാറായില്ലെന്നും യുവതികള്‍ ആരോപിച്ചു.
അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഈയിടെ ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ തനിഷ്‌ഖ് ശ്രീയെ വീട്ടുതടങ്കലില്‍ വച്ചു. തനിഷ്‌ഖ് ശ്രീയുടെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയ കുടുംബം വീട്ടില്‍ നിന്ന് പുറത്ത് പോകുന്നതും വിലക്കി.
എന്നാല്‍ കഴിഞ്ഞ ദിവസം സിനിമ കാണാനെന്ന വ്യാജേന വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ തനിഷ്‌ഖ് ശ്രീ ശ്രേയയുടെ ഒപ്പം പോകുകയായിരുന്നു. ഇതിന് പിന്നാലെ തനിഷ്‌ഖ് ശ്രീയെ ശ്രേയയുടെ കുടുംബം തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ച് തനിഷ്‌ഖ് ശ്രീയുടെ കുടുംബം പാട്‌ലിപുത്ര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് യുവതികള്‍ പട്‌ന മഹിള പൊലീസ് സ്റ്റേഷനിലെത്തി സാഹചര്യം വിശദീകരിച്ചെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.
'ഞങ്ങള്‍ ഇരുവരും പ്രായപൂര്‍ത്തിയായവരാണ്, ഒരുമിച്ച് താമസിക്കാന്‍ നിയമം അനുവദിക്കുന്നുമുണ്ട്. എന്നെ ശ്രേയയുടെ കുടുംബം തട്ടിക്കൊണ്ടുപോയതാണെന്നാണ് എന്‍റെ കുടുംബത്തിന്‍റെ ആരോപണം. എന്നാല്‍ അതല്ല സത്യം, എന്നെ ആരും ഒന്നിനും നിര്‍ബന്ധിച്ചിട്ടില്ല, എന്‍റെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ഞാന്‍ ശ്രേയയുടെ കൂടെയുള്ളത്,' തനിഷ്‌ഖ് ശ്രീ പറഞ്ഞു.
'ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു, എന്നാല്‍ തനിഷ്‌ഖ് ശ്രീയുടെ കുടുംബത്തിന് ഇത് ഇഷ്‌ടമായില്ല, എന്‍റെ വീട്ടുകാർ അവളെ തട്ടിക്കൊണ്ടുപോയെന്നാണ് തനിഷ്‌ഖ് ശ്രീയുടെ കുടുംബം ആരോപിക്കുന്നത്. പൊലീസിൽ നിന്ന് സംരക്ഷണം തേടിയാണ് ഇവിടെ വന്നത്,' ശ്രേയ ഘോഷ് പറഞ്ഞു. അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് പട്‌ന എഎസ്‌പി യുവതികള്‍ക്ക് ഉറപ്പ് നല്‍കി.