സോനിപത് (ഹരിയാന): വിവാഹാഭ്യർഥന നിരസിച്ചതിന് യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ഹരിയാന സോനിപത് ബിദൽ സ്വദേശി അഞ്ജലിയാണ് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മയൂർ വിഹാർ സ്വദേശി ശ്യാം സോനിപതിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു എന്നാണ് സൂചന. വിവാഹം കഴിക്കാനായി അഞ്ജലി നിരന്തരം യുവാവിനെ സമ്മർദം ചെലുത്തുമായിരുന്നു. വിവാഹത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
അഞ്ജലി നേരത്തെ വിവാഹിതയായിരുന്നു എന്നാണ് ആരോപണം. ഈ വിവരം അറിഞ്ഞ ശ്യം പ്രണയബന്ധത്തിൽ നിന്ന് പിന്മാറി. തുടർന്ന് വിവാഹത്തെപ്പറ്റി ശ്യാമിന്‍റെ വീട്ടുകാരോട് സംസാരിക്കാൻ അമ്മയ്‌ക്കൊപ്പം അഞ്ജലി ശ്യാമിന്‍റെ വീട്ടിലെത്തി. എന്നാൽ, ശ്യാമിന്‍റെ അമ്മായി അനിത ഇരുവരുടെയും വിവാഹത്തിന് വിസമ്മതിച്ചു. മാതാപിതാക്കൾ മരണപ്പെട്ട ശ്യാം അമ്മായിക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹത്തിന് വിസമ്മതിച്ചതിന് ശേഷം അഞ്ജലി ശ്യാമിനെ തുടർച്ചയായി പിന്തുടരുമായിരുന്നു.
കഴിഞ്ഞ ദിവസം പലചരക്ക് കടയിലേക്ക് പോകുന്ന വഴി ശ്യാമിന് നേരെ യുവതി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ഷേഷം അഞ്ജലി ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും എഎസ്ഐ പർവിന്ദ് പറഞ്ഞു.
Also read: പ്രണയപ്പക; കോട്ടയത്ത് പൊലീസ് സ്റ്റേഷന് സമീപം പെൺകുട്ടിക്ക് കുത്തേറ്റു