ഷാജഹാൻപൂർ : ലിംഗമാറ്റം നടത്തി പുരുഷനായി, ഉടൻ തന്നെ വിവാഹിതനാകാനൊരുങ്ങി ഉത്തർപ്രദേശിലെ അധ്യാപകന്‍. ഷാജഹാൻപൂരിലാണ് സംഭവം. ഖുദാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാഡ സ്വദേശിയായ സരിത സിങ്ങാണ് ലിംഗമാറ്റത്തിലൂടെ ശരദ് സിങ്ങായത്. അടിസ്ഥാന വിദ്യാഭ്യാസ കൗൺസിലിൽ അസിസ്റ്റന്‍റ് ടീച്ചറായി നിയമിക്കപ്പെട്ട ശേഷമായിരുന്നു ലിംഗമാറ്റം നടത്താനുള്ള തീരുമാനം.
മനക്കരുത്ത് ആയുധമാക്കിയ സമയം : ഇതിനായി 2020ൽ ലഖ്‌നൗവിൽ ഹോർമോൺ തെറാപ്പി നടത്തി. ഇതോടെ മീശയും താടിയും വലുതാകാൻ തുടങ്ങി. ഭിന്നശേഷിക്കാരനായ ശരദിന്‍റെ ഇരുകാലുകൾക്കും ചലനശേഷിയില്ല. ചെറുപ്പം മുതൽ തന്നെ ആൺകുട്ടികളുടെ വേഷവിധാനമായിരുന്നു ശരദ് സിങ്ങിന്‍റേത്. ഇക്കാരണത്താൽ ജീവിതത്തിൽ നിരവധി പരിഹാസങ്ങൾ നേരിട്ടു.
also read : Video |വസ്‌ത്രത്തിന് ലിംഗഭേദമില്ല, കറുത്ത സ്‌കേർട്ടിൽ ലോക്കൽ ട്രെയിനിൽ റാംപ് വാക്ക് നടത്തി ഗേ യുവാവ്
എന്നാൽ ഇതുകൊണ്ടൊന്നും ധൈര്യം ചോർന്നില്ല. മൂന്ന് മാസം മുമ്പ് മധ്യപ്രദേശിലെ ഇൻഡോറിൽ ശസ്‌ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തി. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സരിത സിങ് എന്ന പേര് മാറ്റി ശരദ് സിങ്ങായി. ഷാജഹാൻപൂര്‍ ജില്ല ഭരണകൂടം ശരദിന്‍റെ പേരിൽ ലിംഗമാറ്റ സർട്ടിഫിക്കറ്റും നൽകി. ഇതിന് ശേഷമാണ്, തന്‍റെ എല്ലാ പ്രതിസന്ധികളിലും താങ്ങായും തണലായും നിന്ന സവിത സിങ്ങിനെ വിവാഹം കഴിക്കാൻ ശരദ് തീരുമാനിച്ചത്.
താങ്ങായവൾ ഇനി ജീവിത പങ്കാളി : കാലുകൾക്ക് ചലനശേഷി ഇല്ലാത്തതിനാൽ ജീവിതം വീൽചെയറിലും കിടക്കയിലും കഴിച്ചുകൂട്ടിയ ശരദ് സിങ്ങിന് എല്ലാ ആവശ്യങ്ങൾക്കും കൂടെ നിൽക്കുകയും പഠനത്തിൽ പിന്തുണ നൽകുകയും ചെയ്‌തത് സവിതയായിരുന്നു. ജീവിതത്തിലെ ഓരോ നിമിഷത്തിലും സഹായിച്ച സവിത സിംഗിനെ ജീവിതപങ്കാളിയാക്കാനുള്ള ശരദിന്‍റെ തീരുമാനത്തിൽ അവള്‍ക്കും പൂർണ സമ്മതമാണ്. ശരദ് സിങിന്‍റെ ലിംഗമാറ്റ സർട്ടിഫിക്കറ്റ് ജില്ല ഭരണകൂടത്തിന് കൈമാറിയതായി ജില്ല മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ് അറിയിച്ചു.
ഔദ്യോഗികമായി പേര് മാറ്റി : ഇതോടെ സർവീസ് ബുക്കിലും പേര് മാറി ശരദ് സിങ് എന്നായി. കുട്ടിക്കാലം മുതൽ താൻ പുരുഷനാകണമെന്നാണ് സ്വപ്‌നം കണ്ടിരുന്നതെന്നും അത് സഫലമായതിൽ ഏറെ സന്തോഷമുണ്ടെന്നും ശരദ് പറഞ്ഞു. ഒരുപാട് ആലോചിച്ച ശേഷമാണ് താൻ ഈ തീരുമാനമെടുത്തതെന്നും അതിനായി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിഭാഗത്തിൽ കൗൺസിലിങ് നടത്തിയിരുന്നതായും ശരദ് വെളിപ്പെടുത്തിയിരുന്നു. പിന്നീട് സ്‌കൂളിൽ ജോലി ലഭിച്ചതോടെ ലിംഗമാറ്റം നടത്താൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഇപ്പോൾ ഭവൽ ഖേഡ സ്‌കൂളിലെ അധ്യാപകനാണ് ശരദ്.