നാസിക് (മഹാരാഷ്ട്ര ) : പണമെടുത്ത് പുറത്തിറങ്ങി യുവതി സ്കൂട്ടർ എടുക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് എടിഎമ്മിനുള്ളിലേക്ക് ഇടിച്ചുകയറി. നാസിക്കിലെ സാവ്ത നഗറിലുള്ള എസ്ബിഐ എടിഎമ്മിലേക്ക് ഗൗരി പ്രദീപ് സെയ്ദാനെ (18) എന്ന യുവതി സ്കൂട്ടറുമായി ഇടിച്ചുകയറുകയായിരുന്നു. സ്കൂട്ടർ റോഡിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ആക്സിലേറ്ററിൽ അബദ്ധത്തിൽ കൈ അമർന്ന് എടിഎമ്മിന്റെ ചില്ലുകൾ തകർത്ത് ഇടിച്ചുകയറുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു സംഭവം. എടിഎമ്മിന്റെ ചില്ലിലിടിച്ച് യുവതിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. എടിഎം സുരക്ഷിതമാണെന്നും എന്നാൽ ഗ്ലാസ് പൂർണമായും തകർന്നെന്നും ബാങ്ക് അധികൃതർ അറിയിച്ചു.