അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ മാതാവിന്‍റെ ലിവ് ഇന്‍ പങ്കാളി പുഴയിലേക്ക് തള്ളിയിട്ട 13കാരി രക്ഷപ്പെട്ടത് അരമണിക്കൂര്‍ പൈപ്പില്‍ പിടിച്ച് നിന്നതിന് ശേഷം. മാതാവിനെയും സഹോദരിയേയും പുഴയില്‍ കാണാതായി. 13കാരിയായ കീര്‍ത്തനയാണ് രക്ഷപ്പെട്ടത്.
മാതാവ് പുപ്പല സുഹാസിനി (36), ഒന്നര വയസുകാരി ജെസി എന്നിവരെയാണ് കാണാതായത്. പ്രതിയായ ഉലാവ സുരേഷിനായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഞായറാഴ്‌ച (ഓഗസ്റ്റ് 6) പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.
ലിവ് ഇന്‍ പങ്കാളിയേയും മക്കളെയും പുഴയില്‍ തള്ളി: ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കീര്‍ത്തനയുടെ അമ്മ പുപ്പല സുഹാസിനി വിവാഹമോചിതയായത്. അതിന് ശേഷം ഗുണ്ടൂരില്‍ വിവിധ തൊഴിലുകള്‍ ചെയ്‌താണ് സുഹാസിനിയും മകളും ജീവിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പാണ് പ്രകാശം ജില്ല സ്വദേശിയായ ഉലാവ സുരേഷുമായി സുഹാസിനി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഇരുവര്‍ക്കും ഒന്നര വയസുള്ള മകളുമുണ്ട്. അടുത്തിടെ സുരേഷ് വിവിധ കാരണങ്ങള്‍ പറഞ്ഞ് സുഹാസിനിയുമായി വഴക്ക് തുടങ്ങി. ലിവ് ഇന്‍ പങ്കാളിയേയും മക്കളെയും ഒഴിവാക്കാന്‍ വേണ്ടിയാണ് ഇയാള്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച രാത്രി സുരേഷ് മൂവര്‍ക്കും വസ്‌ത്രം വാങ്ങി തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പോകുകയായിരുന്നു.
കാറില്‍ വിവിധയിടങ്ങളില്‍ കറങ്ങിയതിന് പിന്നാലെ ഫോട്ടോയെടുക്കാനെന്ന വ്യാജേന ഗോദാവരി പുഴയുടെ പാലത്തില്‍ സുഹാസിനിയെയും മക്കളെയും ഇറക്കി. പുഴയിലേക്ക് നോക്കി നില്‍ക്കാന്‍ ആവശ്യപ്പെട്ട സുരേഷ് മൂവരെയും പുഴയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് വേഗത്തില്‍ കാറുമായി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സുഹാസിനിയും ജെസിയും പുഴയിലേക്ക് വീണപ്പോള്‍ കീര്‍ത്തന പാലത്തിന് അരികിലുള്ള പൈപ്പില്‍ കുടുങ്ങി. ഏതാനും സമയം കീര്‍ത്തന ഉറക്കെ നിലവിളിച്ചു. എന്നാല്‍ പുലര്‍ച്ചയായത് കൊണ്ട് മറ്റാരും സഹായത്തിനെത്തിയില്ല.
അപ്പോഴാണ് സ്വന്തം പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന കാര്യം കീര്‍ത്തന ഓര്‍ത്തത്. ഉടന്‍ തന്നെ ഫോണ്‍ എടുത്ത് 100ലേക്ക് വിളിച്ചു. രാവുലപാളം പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ വെങ്കടരാമനാണ് ഫോണ്‍ കോള്‍ ലഭിച്ചത്. കീര്‍ത്ത ഉടന്‍ തന്നെ വിവരം അറിയിച്ചു. വിവരമറിഞ്ഞ പൊലീസ് സംഭവസ്ഥലത്തെത്തി. അര മണിക്കൂര്‍ പൈപ്പില്‍ പിടിച്ചിരുന്ന കീര്‍ത്തനയെ രക്ഷപ്പെടുത്തി. സംഭവത്തെ കുറിച്ച് കീര്‍ത്തന പൊലീസിന് മൊഴി നല്‍കി. അമ്മയെയും സഹോദരിയെയും പുഴയില്‍ തള്ളിയിട്ടുണ്ടെന്നും പറഞ്ഞു. വിവരമറിഞ്ഞ പൊലീസ് ഉടന്‍ തന്നെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. അതോടൊപ്പം കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു.