ഹൈദരാബാദ്: വീടിനുള്ളില്‍ നിന്ന് മകളെ തട്ടികൊണ്ടുപോയെന്ന പിതാവിന്‍റെ പരാതിക്ക് പിന്നാലെ തട്ടി കൊണ്ടുപോയ ആളെ വിവാഹം ചെയ്‌തതായി മകള്‍. ഇന്ന് പുലര്‍ച്ചെയാണ് രാജണ്ണ സിരിസില്ലയിലെ മൂടപ്പള്ളി സ്വദേശിയുടെ മകള്‍ ശാലിനിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ മുന്‍ കാമുകനും അയല്‍വാസിയുമായ യുവാവിനെ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് തന്നെ ആരും തട്ടികൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ യുവതി പുറത്തുവിട്ടത്. ''തന്‍റെ കാമുകനായ ജോണിയെ കഴിഞ്ഞ വര്‍ഷം താന്‍ വിവാഹം ചെയ്‌തിരുന്നെന്നും സ്വന്തം ഇഷ്‌ടപ്രകാരമാണ് ജോണിക്കൊപ്പം ഇറങ്ങി പോന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം എനിക്ക് പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് വിവാഹം നിയമപരമായിരുന്നില്ല. മാത്രമല്ല എന്നെ തട്ടികൊണ്ടു പോയെന്ന് പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കിയതോടെ ജോണിക്കെതിരെ പൊലീസ് കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്‌തു. അവന്‍ ദലിതനായത് കൊണ്ടാണ് കുടുംബം തങ്ങളുടെ ബന്ധത്തെ അംഗീകരിക്കാത്തതെന്നും'' യുവതി വീഡിയോയില്‍ വ്യക്തമാക്കി.
ജോണിയുമായി പ്രണയത്തിലായിരുന്ന ശാലിനി കഴിഞ്ഞ വര്‍ഷം ഇയാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും പ്രായപൂര്‍ത്തിയാകാത്തത് കൊണ്ട് വീട്ടിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്‌തു. അതിന് ശേഷം ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് ഇരുവരും.
അടുത്തിടെ ശാലിനിക്ക് 18 വയസ് തികയുകയും മറ്റൊരു യുവാവുമായി വിവാഹം നിശ്ചയിക്കുകയും ചെയ്‌തു. അതിന് പിന്നാലെയാണ് കാറിലെത്തിയ സംഘം യുവതിയെ കടത്തികൊണ്ട് പോയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരുമിച്ച് ജീവിക്കാനായി കമിതാക്കള്‍ നടത്തിയ നാടകമാണെന്ന് കുടുംബം തിരിച്ചറിയുന്നത്.