ചെന്നൈ: തമിഴ്‌നാട് മധുരയിൽ വിവാഹതട്ടിപ്പ് നടത്തുന്ന യുവതിയെയും സംഘത്തെയും പൊലീസ് പിടികൂടി. ഏഴാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടെ ആറാമത്തെ ഭർത്താവാണ് യുവതിയെ പിടികൂടിയത്. മധുര സ്വദേശിനി സന്ധ്യ(26) യാണ് പിടിയിലായത്.
സെപ്‌റ്റംബര്‍ ഏഴിനാണ് നാമക്കൽ ജില്ലയിലെ കള്ളിപ്പാളയം സ്വദേശിയായ ധനപാലുമായി ആറാമത്തെ വിവാഹം നടന്നത്. സന്ധ്യയുടെ ഭാഗത്തുനിന്ന് കുറച്ച് പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വധുവിന് വേണ്ടി ധനപാൽ ഒന്നര ലക്ഷം രൂപ ബ്രോക്കർ ബാലമുരുകന് നൽകിയിരുന്നു.
എന്നാൽ ദിവസങ്ങൾക്കകം സന്ധ്യയെ ധനപാലിന്‍റെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വീട്ടിൽ നിന്ന് ആഭരണങ്ങളും വിലകൂടിയ ഉത്‌പന്നങ്ങളും നഷ്‌ടപ്പെട്ടതായും കണ്ടെത്തി. സന്ധ്യയുടേയും ബന്ധുക്കളുടേയും ഫോണുകൾ സ്വിച്ച് ഓഫ് ആക്കിയിരുന്നു. യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോൾ ധനപാൽ പരമത്തി വെള്ളൂർ പൊലീസിൽ പരാതി നൽകി.
രണ്ട് ദിവസത്തിനുള്ളിൽ മറ്റൊരു ബ്രോക്കർ ധനലക്ഷ്‌മിയിൽ നിന്നും സന്ധ്യയുടെ ഫോട്ടോ വെള്ളൂരിൽ താമസിക്കുന്ന വ്യക്തിക്ക് വധുവിന്‍റേതെന്ന പേരിൽ ലഭിച്ചു. ഇതറിഞ്ഞ ധനപാൽ അയാളുമായി ബന്ധപ്പെട്ട് സന്ധ്യയെ പിടികൂടാൻ പദ്ധതിയിടുകയായിരുന്നു. 22ന് തിരുച്ചെങ്കോട് വച്ചായിരുന്നു വെള്ളൂർ സ്വദേശിയുമായുള്ള സന്ധ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇവിടെ വച്ച് സന്ധ്യയേയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളായ അയ്യപ്പൻ, ജയവേൽ, ബ്രോക്കർ ധനലക്ഷ്‌മി എന്നിവരേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സന്ധ്യ ഇതിനകം അഞ്ച് പേരുമായി വിവാഹിതയായി. ആറാമത്തേത് ധനപാലായിരുന്നു.
പലയിടങ്ങളിൽ നിന്നായി വിവാഹം ചെയ്‌ത് സ്വർണം ഉൾപ്പടെയുള്ള വില കൂടിയ വസ്‌തുക്കളുമായി രണ്ടു ദിവസത്തിനുള്ളിൽ കടന്നു കളയുകയാണ് സംഘത്തിന്‍റെ പരിപാടി. കേസിൽ അറസ്‌റ്റിലായ നാല് പേർക്ക് തടവ് ശിക്ഷ ലഭിച്ചു. കൂട്ടാളിയായ ബാലമുരുകന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.