ന്യൂഡൽഹി : കടം തീർക്കാനാകാത്ത സാഹചര്യത്തില്‍ പെൺകുട്ടികളെ കൈമാറാന്‍ നിര്‍ബന്ധിതരാവുകയും ഇതിന് വിസമ്മതിക്കുന്ന അമ്മമാരെ ബലാത്സംഗത്തിന് വിധേയരാക്കുന്നുവെന്നുമുള്ള വാര്‍ത്തയിന്‍മേല്‍ രാജസ്ഥാൻ സർക്കാരിന് നോട്ടിസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി). നടുക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു എന്‍എച്ച്ആര്‍സി. വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ എട്ട് മുതൽ 18 വയസ് വരെയുള്ള പെൺമക്കളെ കൈമാറ്റം ചെയ്യാന്‍ അമ്മമാര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു വാര്‍ത്ത.
ഇതിന് മുതിരാത്ത സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നുവെന്നും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. 'ജാതി പഞ്ചായത്തു'കളുടെ മറവിലാണ് ഇത് നടക്കുന്നത്. പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ പൊലീസ് സ്റ്റേഷനില്‍ പോകുന്നതിന് പകരം ആളുകൾ ജാതി പഞ്ചായത്തുകളെ സമീപിക്കുന്നു. പരിഹാരം എന്ന നിലയിൽ കടം വാങ്ങിയ വ്യക്തി കുടുംബത്തിലെ പെൺകുട്ടികളെ വിൽക്കാനോ സ്ത്രീകളാണെങ്കില്‍ ലൈംഗികബന്ധത്തന് വിധേയരാകാനോ നിർബന്ധിതരാകുന്നു.
ഈ പെൺകുട്ടികൾ ഉത്തർപ്രദേശ്, മധ്യപ്രദേശ് , മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും അയക്കപ്പെടുകയും ലൈംഗികാതിക്രമത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിട്ട പെൺകുട്ടികളുടെ വെളിപ്പെടുത്തലുകളാണ് മാധ്യമ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. സംഭവം പൂർണമായും മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ച കമ്മിഷൻ വിഷയത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് രാജസ്ഥാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസ് അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം ചീഫ് സെക്രട്ടറി സമര്‍പ്പിക്കണം.
ഇക്കാര്യത്തില്‍ നടപടി എടുക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ, സംഭവങ്ങളിലെ എഫ്‌ഐആർ വിശദാംശങ്ങള്‍, തുടര്‍നടപടികളുടെ വിവരങ്ങള്‍ എന്നിവയടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് ഡിജിപി സമര്‍പ്പിക്കണം. അതേസമയം രാജസ്ഥാനിലെ പ്രസ്തുത മേഖലകള്‍ സന്ദർശിച്ച് ഇത്തരം സംഭവങ്ങളെക്കുറിച്ചും പ്രദേശത്തെ നിലവിലുള്ള രീതികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
മനുഷ്യക്കടത്തിന്‍റെ ചുരുളഴിയുമ്പോൾ : 15 ലക്ഷം രൂപയുടെ കടം വീട്ടാൻ വേണ്ടി ഒരാള്‍ 12 വയസുള്ള മകളെ വിൽക്കാൻ നിര്‍ബന്ധിതമായ സംഭവത്തോടെയാണ് മനുഷ്യക്കടത്ത് ചുരുളഴിഞ്ഞത്. തുടര്‍ന്ന് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പുറത്തുവന്നു.