ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന രാഷ്‌ട്രീയ നേതാവുമായ ഗുലാം നബി ആസാദ് പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാൻ നീക്കം. ആസാദ് ബിജെപിയിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരില്ല. മറിച്ച് പുതിയ പാർട്ടിക്ക് അടിത്തറയിടുമെന്ന് ആസാദിന്‍റെ അടുത്ത സുഹൃത്ത് ഇടിവി ഭാരതിനോട് പറഞ്ഞു. കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും രാഷ്‌ട്രീയക്കാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഉടൻ തന്നെ കൂടുതൽ രാജികൾ നിങ്ങൾ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസാദിന് പിന്നാലെ അമിൻ ഭട്ടും, ജുഗൽ കിഷോർ ശർമ്മയും കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണമാണ് രാജിക്കത്തില്‍ ഗുലാം നബി ആസാദ് ഉന്നയിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ആരോപണം: ബാലിശവും അപക്വവുമാണ് രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റമെന്ന് വിശേഷിപ്പിച്ച ഗുലാം നബി ആസാദ് പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനം അവസാനിപ്പിച്ചതിന്‍റെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണെന്നും ആരോപിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ദയനീയ തോല്‍വിയുടെ പ്രധാന ഉത്തരവാദി രാഹുല്‍ ഗാന്ധിയാണ്. 2014ലെ യുപിഎയുടെ തോല്‍വിക്ക് പ്രധാന കാരണം കാബിനറ്റ് പാസാക്കിയ ഓര്‍ഡിനന്‍സ് കീറിയെറിയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതാണെന്ന് ഗുലാം നബി ആസാദ് ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള അയോഗ്യത വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഓര്‍ഡിനന്‍സ്. രാഹുല്‍ ഗാന്ധിയുടെ ബാലിശമായ നടപടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റ അധികാരം ഇടിച്ച് താഴ്‌ത്തിയെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അതിന്‍റെ രാഷ്‌ട്രീയ ഇടം ബിജെപിക്കും പ്രാദേശിക കക്ഷികള്‍ക്കും അടിയറവ് വച്ചിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ഗൗരവമില്ലാത്തയാളെ പാര്‍ട്ടിയുടെ തലപ്പത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥാപിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം വിമർശിച്ചു.
രാഷ്‌ട്രീയ ജീവിതം: 1970കളിലാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ ചേരുന്നത്. ആ സമയത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് ജമ്മു കശ്‌മീരില്‍ സാമൂഹ്യമായി അംഗീകാരം ലഭിക്കാത്ത കാര്യമായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തില്‍ വ്യക്തമാക്കി. സഞ്‌ജയ് ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു ഗുലാം നബി ആസാദ്. 1975-76 ല്‍ സഞ്‌ജയ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ജമ്മു കശ്‌മീര്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം ഗുലാം നബി ആസാദ് ഏറ്റെടുത്തു. ജമ്മു കശ്‌മീര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദത്തിന് ശേഷം 1973-75 വരെ കോണ്‍ഗ്രസിന്‍റെ ജമ്മു കശ്‌മീരിലെ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായിരുന്നു.
1977ല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറിയായി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് എന്നിവര്‍ നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. 1980കള്‍ മുതല്‍ അദ്ദേഹം എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. പാർട്ടിയിൽ സമഗ്ര പരിഷ്‌കരണവും കൂട്ടായ നേതൃത്വവും ആവശ്യപ്പെട്ട് ശബ്‌ദം ഉയർത്തിയ ജി-23 നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.
Also read: ആദ്യം കലാപക്കൊടി, ഒടുവില്‍ രാജി: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു