ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഇന്ത്യൻ ആശുപത്രികളെ സഹായിക്കുന്നതിനായി ഓക്സിജൻ പ്ലാന്‍റുമായുള്ള ജർമ്മൻ സൈനിക വിമാനം പുറപ്പെട്ടു. ഇന്ത്യയിലെ ജർമ്മൻ എംബസി വിമാനത്തിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. ജർമ്മനി ഒരു വലിയ ഓക്സിജൻ പ്ലാന്‍റ് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതായും ഇത് ധാരാളം പേര്‍ക്ക് സഹായകമാകുമെന്നും ജർമ്മൻ അധികൃതർ പറഞ്ഞു.
വാക്സിനും മരുന്നുകളും നൽകി സഹായിച്ച ഇന്ത്യയെ തിരികെ സഹായിക്കാനുള്ള സമയമാണിതെന്ന് ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജെ ലിൻഡ്നർ പറഞ്ഞു. 'ലോകത്തിന്‍റെ ഫാർമസി' എന്നറിയപ്പെടുന്ന ഇന്ത്യ, ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ഡോസ് കൊവിഡ് വാക്സിനുകളും മറ്റ് വൈദ്യസഹായങ്ങളും എത്തിച്ചിരുന്നു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,82,315 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,06,65,148 ആയി. 3,780 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 2,26,188 ആയി ഉയർന്നു.