ന്യൂഡല്‍ഹി: ലോക്‌സഭ അംഗത്വത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ജര്‍മ്മനി. വിഷയത്തില്‍ ജുഡീഷ്യൽ സ്വാതന്ത്ര്യവും, ജനാധിപത്യ തത്വങ്ങളും ബാധകമാകുമെന്നാണ് കരുതപ്പെടുന്നതെന്ന് ജര്‍മ്മന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.
'ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍ററി അംഗത്വം റദ്ദാക്കിയ നടപടിയും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അദ്ദേഹത്തിന് അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. വിധി നിലനില്‍ക്കുമോ, അയോഗ്യത നടപടിയില്‍ അടിസ്ഥാനമുണ്ടോ എന്നും അപ്പോള്‍ വ്യക്തമാകും. ജുഡീഷ്യല്‍ സ്വതന്ത്ര്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങളും ഈ കേസില്‍ ബാധകമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്' ജര്‍മ്മന്‍ വക്താവ് അഭിപ്രായപ്പെട്ടു.
യുഎസും വിഷയത്തില്‍ നേരത്തെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശില എന്ന് പറയുന്നത് നിയമ വാഴ്‌ച, നീതിന്യായ സ്വാതന്ത്ര്യം എന്നിവയോടുള്ള ബഹുമാനമാണ്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിക്കെതിരായി നടക്കുന്ന സംഭവങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കുകയാണ്' എന്നാണ് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ അഭിപ്രായപ്പെട്ടത്.
ഉഭയകക്ഷി ബന്ധമുള്ള രാജ്യങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളും അതിലെ അംഗങ്ങളുമായും ഇടപഴകുന്നത് ഒരു സാധാരണ വിഷയം മാത്രമാണ്. അല്ലാതെ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ച് മറ്റ് താത്‌പര്യങ്ങള്‍ ഇല്ലെന്നും യുഎസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി നടപടി.
കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്. കോടതി വിധി വന്നതിന് പിന്നാലെ തന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. ഇതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന നിര്‍ദേശവും രാഹുലിന് ലോക്‌സഭ ഹൗസിങ് കമ്മിറ്റി നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തന്‍റെ ഔദ്യോഗിക വസതിയായ തുഗ്ലക്ക് ലെയ്‌ൻ 12ല്‍ നിന്നും മാറുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചു.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉടനില്ല: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് നിന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ ലോക്‌സഭ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയോതെട നിലവില്‍ വയനാട് മണ്ഡലത്തിന് എംപി ഇല്ലാത്ത സ്ഥിതിയാണ്. ഈ പശ്ചാത്തലത്തില്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ദിവസം വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍, വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ഉടന്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. ' വിധിയില്‍ അപ്പീല്‍ നല്‍കാന്‍ വിചാരണ കോടതി രാഹുല്‍ ഗാന്ധിക്ക് 30 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആ സമയപരിധിക്കുള്ളില്‍ ഒരു ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിടുക്കമില്ല.
ഈ ഒരു മാസം കാത്തിരിക്കാം, അതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിലേക്ക് കടക്കാം'- തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു. മാര്‍ച്ച് 23ന് വയനാട്ടിലെ ഒഴിവ് വിജ്ഞാപനം ചെയ്‌തിട്ടുണ്ട്. നിയമപ്രകാരം ആറ് മാസത്തിനുള്ളില്‍ തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.