മീററ്റ് : ഉത്തർപ്രദേശിലെ മീററ്റില്‍ (Meerut, Uttar Pradesh) വീട്ടില്‍ വളര്‍ത്തുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ 4 വയസ്സുകാരിക്ക് ഗുരുതര പരിക്ക് (German Shepherd Attacks Owners Minor Daughter). മീററ്റ് ജില്ലയിലെ പരീക്ഷിത്ഗഡ് പൊലീസ് സ്റ്റേഷൻ (Parikshitgarh Police Station) പരിധിയിലെ ആഞ്ചി ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച വൈകിട്ട് വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരുന്ന മിഷ്തി എന്ന പെൺകുട്ടിയെ ജർമൻ ഷെപ്പേർഡ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കുട്ടിയെ നായയിൽ നിന്ന് രക്ഷിക്കാനായത്. എന്നാൽ ആക്രമണത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. വീട്ടുകാർ ഉടനടി കുട്ടിയെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോവുകയായിരുന്നു. സിഎച്ച്‌സി ഇൻചാർജ് ഉടനടി കുട്ടിക്ക് അത്യാവശ്യമുള്ള മരുന്നുകളും മറ്റും നൽകുകയും പരിക്ക് ഗുരുതരമായതിനാൽ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
കുട്ടി ഇപ്പോൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. നായയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ജില്ല ആശുപത്രിയിലെ ഡോ. അതുൽ ഭരദ്വാജ് പറഞ്ഞു. കുട്ടിക്ക് കൃത്യമായ ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമൻ ഷെപ്പേർഡ് നായ ആക്രമിച്ചപ്പോള്‍ പെൺകുട്ടി വീടിന് വെളിയിലായിരുന്നെന്നും തലയിലും വായിലും ഗുരുതരമായ മുറിവുകളുണ്ടെന്നും പിതാവ് സുന്ദർ പറഞ്ഞു.
മൃഗ ഡോക്‌ടറുടെ വിശദീകരണം: അതേസമയം ജർമൻ ഷെപ്പേർഡ് പൊതുവെ വളരെ ശാന്തമായ ഇനമാണെന്ന് മൃഗ ഡോക്‌ടറായ ഗൗതം തിവാരി വിശദീകരിച്ചു. വളർത്തുമൃഗങ്ങളെ സ്ഥിരമായി കെട്ടിയിട്ടാൽ അവ അക്രമണകാരികളാകാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഈ കേസിലും അതുതന്നെ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇവയുടെ പ്രജനന സമയമായതിനാലോ അന്തരീക്ഷ താപനിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലമോ ഇത്തരത്തില്‍ സംഭവിക്കാം. ശരിയായ ഭക്ഷണ ശീലങ്ങൾ പരിശീലിപ്പിച്ചില്ലെങ്കില്‍ പോലും നായ പെട്ടെന്ന് ആക്രമിക്കും - ഡോ തിവാരി കൂട്ടിച്ചേർത്തു.
ജർമൻ ഷെപ്പേർഡ് ചില്ലറക്കാരനല്ല ലോകത്താകമാനം വളരെയധികം പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ വിഭാഗമാണിത്. അൽസേഷ്യൻ എന്ന പേരിലും ഇവ അറിയപ്പെടുന്നു. നായ് ജനുസ്സുകളിൽ വച്ച് ബുദ്ധിശക്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവ നിയമ പരിപാലനത്തിലും രക്ഷാപ്രവർത്തനങ്ങളിലും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. വളരെ നല്ല കാവൽ നായയായും ഇവ കണക്കാക്കപ്പെടുന്നു. വളരെയധികം അനുസരണ ശീലമുള്ള ജർമൻ ഷെപ്പേർഡ് നായകൾ മനുഷ്യരുമായും മറ്റ് മൃഗങ്ങളുമായും സഹവാസം ഇഷ്ടപ്പെടുന്നവയാണ്.
യജമാനനോട് അങ്ങേയറ്റം സ്നേഹവും വിശ്വസ്തതയും പ്രകടിപ്പിക്കുന്ന ജർമൻ ഷെപ്പേർഡ് നായ്ക്കൾ അപരിചിതരോട് ദേഷ്യം പ്രകടിപ്പിക്കും. ഈ സ്വഭാവം ഒരു നല്ല കാവൽ നായയാകാൻ അവയെ സഹായിക്കുന്നു. കുട്ടികളോടൊത്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന ജർമൻ ഷെപ്പേർഡ് നായ്ക്കള്‍ വളരെ ഊർജസ്വലരാണ്. ഇവയുടെ ബുദ്ധികൂർമ്മതയും ഊർജസ്വലതയും യജമാനനോടുള്ള കരുതലും കാരണം കൂട്ടാളിയായും കാവൽക്കാരനായും ജർമൻ ഷെപ്പേർഡ് ജനുസ്സ് ശോഭിക്കുന്നു.