ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആറ് പേര്‍ പിടിയിൽ. യെലഹങ്കയിലാണ് എട്ട് യുവാക്കൾ ചേർന്ന് 16കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. കേസിൽ മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ദിവസങ്ങൾക്ക് മുൻപ് പ്രതികളിൽ രണ്ട് പേർ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്‍റെ വീഡിയോ പകർത്തുകയും ചെയ്‌തിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും ഇവർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ശേഷം ഈ വീഡിയോ കാണിച്ച് മറ്റ് പ്രതികൾ ചേർന്ന് പെണ്‍കുട്ടിയെ വീണ്ടും ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
ശേഷം കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോള്‍ മാതാവ് കാര്യം തിരക്കി. എരിവുകൂടിയ കബാബ് കഴിച്ചുവെന്നും അതിനാലാണ് കരയുന്നതെന്നുമാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. എന്നാൽ സംശയം തോന്നി മാതാപിതാക്കൾ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഏപ്രിൽ അഞ്ചിന് പെണ്‍കുട്ടിയുടെ അമ്മ യെലഹങ്ക സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതികൾക്കെതിരെ പോക്സോ, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മറ്റ് രണ്ട് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും അവർ ഉടൻ പിടിയിലാകുമെന്നും യെലഹങ്ക പൊലീസ് അറിയിച്ചു.