മുംബൈ: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ സാന്നിധ്യം കൊണ്ട് യശസുയർത്തുന്ന ചുരുക്കം ചില സ്‌മാരക മന്ദിരങ്ങളെ ഇന്ത്യയിലുള്ളൂ. അത്തരത്തിലൊന്നാണ് മുംബൈയിലെ ഗാംദേവി എന്ന സ്ഥലത്ത്, ലാബർനം റോഡിൽ സ്ഥിതി ചെയ്യുന്ന മണിഭവൻ. 1917നും 1934നും ഇടയിൽ 17 വർഷത്തിലേറെ മഹാത്മാഗാന്ധി ഇവിടെ താമസിച്ചിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ തുടക്ക കാലഘട്ടമായിരുന്നതിനാൽ തന്നെ മഹാത്മാഗാന്ധിയുടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായി അക്കാലത്ത് മണിഭവൻ മാറിയിരുന്നു. ഗാന്ധിജി ഇവിടെ താമസിച്ചിരുന്ന കാലഘട്ടത്തിലുടനീളം നടന്ന നിരവധി സുപ്രധാന ചരിത്ര സംഭവങ്ങൾക്ക് ഈ ഭവനം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഗാന്ധി മെമ്മോറിയൽ മ്യൂസിയം എന്നറിയപ്പെടുന്ന മണിഭവൻ, വർഷം തോറും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ഗാന്ധിജിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രമുഖ നേതാക്കൾ മുതലായവരുടെയും അദ്ദേഹം പങ്കെടുത്ത ചില ശ്രദ്ധേയമായ സംഭവങ്ങളെ ഓർമിപ്പിക്കുന്നതുമായ ചിത്രങ്ങൾ ഇവിടത്തെ ചുമരുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങളും ചർക്കയുമെല്ലാം ഈ സ്‌മാരകത്തിൽ സൂക്ഷിച്ചുപോരുന്നു.
ഗാന്ധിയൻ സ്‌മരണകളുണർത്തി മണിഭവൻ
ഗാന്ധിജി താമസിച്ചിരുന്ന മുറി അദ്ദേഹം ഉപയോഗിച്ചിരുന്ന കാലത്തിലേതു പോലെ തന്നെ നിലനിർത്തിപ്പോരുകയാണിവിടെ. ഇരുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ, അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ തത്ത്വചിന്തകളെക്കുറിച്ചും പഠനങ്ങളെക്കുറിച്ചും എഴുതിയവ ഉൾപ്പെടെ 50,000ൽ അധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറിയും ഉണ്ട്. ഇവിടെയുള്ള ചില പുസ്തകങ്ങൾ ഗാന്ധിജിയുടേതായിരുന്നു, അദ്ദേഹവും അവ വായിച്ചിരുന്നു. ഗാന്ധിയൻ തത്ത്വചിന്തയിലും ഗാന്ധിയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലും ഗവേഷണം നടത്തുന്ന വിദ്യാർഥികൾ പലപ്പോഴും അവരുടെ പഠന ആവശ്യങ്ങൾക്കായി ഈ ലൈബ്രറി സന്ദർശിക്കാറുണ്ട്.
മണിഭവനിൽ താമസിച്ചിരുന്ന കാലത്ത് അസുഖബാധിതനായി ഗാന്ധി ചികിത്സയിലായിരുന്ന ദിവസങ്ങൾ ഓർത്തെടുക്കുകയാണ് ഗാന്ധി മ്യൂസിയത്തിലെ എക്‌സിക്യുട്ടീവ് സെക്രട്ടറിയായ മേഘശ്യാം അസ്‌ഗോങ്കർ. ഗാന്ധിയുടെ സ്ഥിതി അതീവഗുരുതരമാണെന്ന് അറിയിച്ച ഡോക്‌ടർ, ഭക്ഷണത്തിൽ ആട്ടിൻപാൽ ഉൾപ്പെടുത്താൻ കസ്തൂർബ ഗാന്ധിയെ നിർദേശിച്ചിരുന്നു. ഒടുവിൽ അത് സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്‌തു.
ഗാന്ധി തന്‍റെ എല്ലാ മാസികകളുടെയും നടത്തിപ്പ് മണിഭവനിൽ നിന്നാണ് മേൽനോട്ടം വഹിച്ചിരുന്നത്. കൂടാതെ നവജീവൻ മാസിക ഉൾപ്പെടെയുള്ളവ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ബ്രിട്ടീഷ് ഭരണകാലത്ത് 1921ൽ ആരംഭിച്ച സ്വദേശി പ്രസ്ഥാനവും മണിഭവനിൽ നിന്നാണ് ഉടലെടുത്തതെന്നും മേഘശ്യാം പറയുന്നു.
പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു
1932 ജനുവരി നാലിന് രാവിലെ ബ്രിട്ടീഷുകാർ ഗാന്ധിയെ അറസ്റ്റ് ചെയ്തതും മണിഭവനിൽ നിന്നാണ്. മണിഭവൻ കെട്ടിടത്തിന്‍റെ ടെറസിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേ വർഷം ജൂൺ 27, 28 തീയതികളിൽ കോൺഗ്രസ് നിർവാഹക സമിതി യോഗവും ഇവിടെ നടന്നിരുന്നു. ഗാന്ധിയുടെ പ്രതീകാത്മകത രൂപപ്പെടുത്തുന്നതിൽ മണിഭവൻ നിർണായക പങ്ക് വഹിച്ചിരുന്നു. ചർക്ക ആദ്യമായി ഇവിടെ ഉപയോഗിച്ചു തുടങ്ങിയതിന് ശേഷം ഗാന്ധി തന്‍റെ വസ്ത്രധാരണം മാറ്റി ഒറ്റമുണ്ട് വേഷം സ്വീകരിച്ചത് ഇവിടെ നിന്നാണ്.
നിസഹകരണ പ്രസ്ഥാനം, നിസഹകരണ സമരം, ദണ്ഡി യാത്ര, സത്യഗ്രഹം എന്നിവയുമായി ബന്ധപ്പെട്ട യോഗങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളുമായുള്ള അദ്ദേഹത്തിന്‍റെ പതിവ് കൂടിക്കാഴ്ചകൾ തുടങ്ങിയ നിർണായക സംഭവങ്ങൾക്കും സ്‌മാരകം സാക്ഷ്യം വഹിച്ചു.
ഗാന്ധിജിയുടെ പരിചയക്കാരനായിരുന്ന രേവശങ്കർ ജഗ്‌ജീവൻ സവേരിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ഇരുനില കെട്ടിടം. കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ ഗാന്ധി അദ്ദേഹത്തിന്‍റെ അതിഥിയായി താമസിച്ചിരുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള വ്യക്തികൾ ഗാന്ധിജിയെ കാണാനും അദ്ദേഹത്തിന്‍റെ ഉപദേശങ്ങളും നിർദേശങ്ങളും ആരായാനുമായി ഇവിടേക്ക് എത്താറുണ്ടെന്ന് മേഘശ്യാം പറയുന്നു.
1955ലാണ് മ്യൂസിയം ട്രസ്റ്റ് ഈ കെട്ടിടം വാങ്ങുന്നത്. തുടർന്ന് 1965ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു മ്യൂസിയം ഉദ്ഘാടനം ചെയ്തു. നിലവിൽ ലോക്ക്ഡൗൺ കാരണം മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്. എങ്കിലും ഇവിടം സന്ദർശിക്കുന്ന ഓരോരുത്തർക്കും സ്‌മാരകം സമ്മാനിക്കുന്നത്, ഗാന്ധിയുടെ ജീവിതത്തെ ഓർമപ്പെടുത്തുന്ന ഉൾക്കാഴ്‌ചയാണ്.