പട്‌ന : കൊല്ലപ്പെട്ട സൈനികനായ മകന്‍റെ പ്രതിമ സ്ഥാപിച്ച പിതാവിനെ ക്രൂരമായി മര്‍ദിച്ച് അറസ്റ്റ് ചെയ്‌ത് പൊലീസ്. 2022ല്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജയ് കിഷോര്‍ സിങ്ങിന്‍റെ പ്രതിമ സ്ഥാപിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 23നായിരുന്നു നടുക്കുന്ന സംഭവം.
വൈശാലിയിലെ ജന്‍ദാഹയിലാണ് കിഷോര്‍ സിങ്ങിന്‍റെ പിതാവ് മകന്‍റെ പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും പിതാവിനോട് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും അദ്ദേഹം മകന്‍റെ സ്‌മാരകം നീക്കിയിരുന്നില്ല.
ഇതേ തുടര്‍ന്ന് പ്രതിമ ഉടന്‍ നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ പിതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് പൊലീസ് നോട്ടിസ് നല്‍കി. ഇതിനുശേഷവും പ്രതിമ നീക്കം ചെയ്‌തില്ലെന്ന് ആരോപിച്ചായിരുന്നു പൊലീസ് മര്‍ദനവും അറസ്റ്റും. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പ്രതിമ മാറ്റാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് വാദം.
പിതാവ് നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിമ നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയ പൊലീസ് വീട്ടിലെത്തി പിതാവിനെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ഇദ്ദേഹത്തിന്‍റെ മറ്റൊരു മകന്‍ പറഞ്ഞു.