മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെൽതുംബ്ഡെയെ വധിച്ചതായി പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് സെന്‍ട്രല്‍ സോണ്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്ഡെ.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ സജീവമായിരുന്ന തെൽതുംബ്ഡെയുടെ തലയ്‌ക്ക് 50 ലക്ഷ്യം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കാണ് ഇയാള്‍ക്കുള്ളത്.
യവത്മാൽ ജില്ലയിലെ വാനി താലൂക്കിലെ രാജൂർ സ്വദേശിയായ തെൽതുംബ്ഡെ സഹ്യാദ്രി, ദീപക് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. നിരോധിത സംഘടനായ മാവോയിസ്റ്റ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന തെൽതുംബ്ഡെ കഴിഞ്ഞ 30 വര്‍ഷമായി രാജ്യത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
എതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച എംഎംസി (മഹാരാഷ്‌ട്ര-മദ്ധ്യപ്രദേശ്-ഛത്തീസ്ഗഢ്) സോണിന്‍റെ തലവനായിരുന്നു തെൽതുംബ്ഡെ. അതേസമയം കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 26 നക്‌സലുകൾ കൊല്ലപ്പെട്ടിരുന്നു. മർഡിൻതോല വനമേഖലയിലെ കോർച്ചിയിൽ സി-60 പൊലീസ് കമാൻഡോ സംഘം തെരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിനിടെ നാല് പൊലീസുകാർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ചികിത്സക്കായി ഹെലികോപ്‌റ്റർ മാർഗം നാഗ്‌പൂരിലേക്ക് കൊണ്ടുപോയതായും പൊലീസ് അധികൃതർ അറിയിച്ചിരുന്നു.