വാഷിങ്‌ടണ്‍ : ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ (Joe Biden) അടുത്ത ആഴ്‌ച ഇന്ത്യയിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട് (G20 Summit 2023). ഇന്ത്യയിലെത്തുന്ന ബൈഡന്‍ സെപ്‌റ്റംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി (Narendra Modi) ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ജി20 ഉച്ചകോടി സെപ്‌റ്റംബര്‍ ഒന്‍പത്, പത്ത് തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ആണ് നടക്കുന്നത്. ഉച്ചകോടിയ്‌ക്കിടെ ജി20 യുടെ നേതൃത്വം വഹിക്കുന്നതില്‍ പ്രധാനമന്ത്രി മോദിയെ ബൈഡന്‍ അഭിന്ദിക്കുമെന്നും വൈറ്റ് ഹൗസ് ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു (US President Joe Biden to India for G20 Summit 2023).
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 7) ആണ് ഡല്‍ഹിയിലേക്ക് തിരിക്കുക. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 8), പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം 9, 10 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയില്‍ ബൈഡന്‍ പങ്കാളിയാകും. ഊര്‍ജ പരിവര്‍ത്തനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും (G20 Summit 2023 in New Delhi).
അതേസമയം ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നിന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് (Xi Jinping) വിട്ടു നില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജി20യില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. നേരത്തെ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ അടക്കം അന്ന് ചര്‍ച്ച ചെയ്യുകയും ചെയ്‌തിരുന്നു. ജി20 ഉച്ചകോടിയില്‍ നിന്നുള്ള ഷിയുടെ പിന്‍മാറ്റം ആഗോള തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ്.
നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനും ജി20 ഉച്ചകോടിയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്‍റും പങ്കെടുക്കുന്നില്ല എന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ ബന്ധപ്പെട്ടാണ് പുടിന്‍ താന്‍ വിട്ടു നില്‍ക്കുന്നതായി അറിയിച്ചത്. പുടിന് പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോ പങ്കെടുക്കുമെന്നാണ് സൂചന.