ലക്‌നൗ : തിങ്കളാഴ്‌ച വൈകീട്ട് പ്രയാഗ്‌രാജിലെ ബാഗാംബ്രി മഠത്തിലെ മുറിയില്‍ അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. പൊലീസ് കണ്ടെടുത്ത 6 പേജുള്ള ആത്മഹത്യ കുറിപ്പിലെ ഒരു പേര് നരേന്ദ്ര ഗിരിയുടെ ശിഷ്യനും അടുത്ത അനുയായിയുമായ ആനന്ദ് ഗിരിയുടേതായിരുന്നു.
ആത്മഹത്യ കുറിപ്പില്‍ മഹന്ത് നരേന്ദ്ര ഗിരി ഇപ്രകാരം കുറിച്ചു - 'ആനന്ദ് ഗിരി മൂലം എന്‍റെ മനസ് അസ്വസ്ഥമാണ്. സെപ്റ്റംബര്‍ 13ന് സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ധൈര്യമുണ്ടായില്ല. മോര്‍ഫ് ചെയ്‌ത എന്‍റേയും ഒരു സ്‌ത്രീയുടേയും ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ ആനന്ദ് ഗിരി പുറത്തുവിടുമെന്ന് വിവരം ലഭിച്ചു.
ആദ്യം എന്‍റെ ഭാഗം വ്യക്തമാക്കാമെന്ന് കരുതിയെങ്കിലും അപകീർത്തിയെ ഞാന്‍ ഭയക്കുന്നു. ഞാൻ അന്തസോടെ ജീവിച്ചു, അപകീർത്തിയോടെ എനിയ്ക്ക് ജീവിക്കാൻ കഴിയില്ല. ഫോട്ടോ വൈറലായിക്കഴിഞ്ഞാൽ എത്ര വിശദീകരണങ്ങൾ എനിയ്ക്ക് നൽകാനാകുമെന്ന് ആനന്ദ് ഗിരി ചോദിച്ചു. ഇത് എന്നെ അസ്വസ്ഥനാക്കി, ഞാൻ എന്‍റെ ജീവനെടുക്കുന്നു.'
യോഗ ഗുരുവില്‍ നിന്ന് സന്ന്യാസിയിലേയ്ക്ക്, ഒടുവില്‍ ഗുരുവിന്‍റെ മരണത്തിന്‍റെ കാരണക്കാരന്‍ എന്ന നിലയിലേക്ക് എത്തിനില്‍ക്കുന്നു ആനന്ദ് ഗിരി. ഒരു കാലത്ത് മഹന്ത് നരേന്ദ്ര ഗിരിയുടെ പിന്‍ഗാമി എന്ന് കരുതപ്പെട്ടിരുന്ന ആനന്ദ് ഗിരിയുടെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.
നരേന്ദ്ര ഗിരിയുടെ കൈപിടിച്ച് മഠത്തിലെത്തിയ പന്ത്രണ്ടുകാരന്‍
12 വയസുള്ളപ്പോഴാണ് രാജസ്ഥാനിലെ ബില്‍വാര സ്വദേശിയായ ആനന്ദിനെ ഗുരു മഹന്ത് നരേന്ദ്ര ഗിരി ഹരിദ്വാറിലെ ആശ്രമത്തില്‍ നിന്ന് പ്രയാഗ്‌രാജിലെ ബാഗാംബ്രി മഠത്തിലേക്ക് കൊണ്ടുവരുന്നത്. 2007ൽ നരേന്ദ്ര ഗിരി ഉൾപ്പെട്ടിരുന്ന പുരാതന സന്യാസ മഠമായ ശ്രീ പഞ്ചായത്ത് അഖാഡ നിരഞ്ജനിയിൽ ആനന്ദിനെ ഔപചാരികമായി ചേർത്തു.
നരേന്ദ്ര ഗിരിയുമായി പില്‍ക്കാലത്ത് സ്വത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത് മുന്‍പ് പ്രയാഗ്‌രാജിലെ പ്രസിദ്ധമായ ബഡേ ഹനുമാന്‍ ക്ഷേത്രത്തില്‍ 'ഛോട്ടെ മഹാരാജ്' എന്നാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ യോഗയിലൂടെ അനുയായികളെയുണ്ടാക്കാന്‍ 38കാരനായ ആനന്ദിന് കഴിഞ്ഞു.
സംസ്‌കൃതം, ആയുര്‍വേദം, വേദം എന്നിവയില്‍ ഔപചാരിക വിദ്യാഭ്യാസം നേടിയ ആനന്ദ് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ബിരുദവും യോഗ തന്ത്രയില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സര്‍വകലാശാലകളില്‍ ഗസ്റ്റ് ലക്‌ചററായി ആനന്ദ് ഗിരി യോഗ പഠിപ്പിയ്ക്കുന്നുണ്ട്.
വിവാദങ്ങള്‍ നിറഞ്ഞ ജീവിതം
ആഡംബര കാറുകളിലും വിദേശത്ത് നിന്നുമുള്ള ആനന്ദിന്‍റെ ഫോട്ടോഗ്രാഫുകൾ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ അദ്ദേഹത്തിന്‍റെ സന്യാസ ഇതര ജീവിതത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബിസിനസ് ക്ലാസില്‍ മദ്യം നിറച്ച ഗ്ലാസുമായി ഇരിയ്ക്കുന്ന ആനന്ദ് ഗിരിയുടെ ഫോട്ടോ വിവാദമായിരുന്നു. എന്നാല്‍ ഗ്ലാസിലുള്ളത് മദ്യമല്ലെന്നും ആപ്പിള്‍ ജ്യൂസാണെന്നുമായിരുന്നു ആനന്ദിന്‍റെ വാദം.
അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് 2016ലും 2018ലും രണ്ട് സ്‌ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2019 മെയില്‍ ആനന്ദ് ഗിരിയെ ഓസ്‌ട്രേലിയയില്‍ വച്ച് സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. കോടതി പിന്നീട് ആനന്ദിനെ വെറുതെ വിട്ടു. വിവാദമായ ഈ സംഭവത്തില്‍ ശിഷ്യന് പിന്തുണയുമായെത്തിയത് നരേന്ദ്ര ഗിരിയായിരുന്നു. സന്ന്യാസ ജീവിതത്തിന് വിരുദ്ധമായി കുടുംബമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ആനന്ദ് ഗിരിയെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു.
പുറത്താക്കല്‍, ആരോപണം, മാപ്പ് പറച്ചില്‍
ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് പിന്നീട് ആനന്ദ് ഗിരിയുടെ പേര് ഉയര്‍ന്നുകേട്ടത്. അഖാഡ ശ്രീ മഹന്ത് സ്വാമി രവീന്ദ് പുരിയുടെ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചതോടെ ബാഗാംബ്രി മഠത്തില്‍ നിന്നും നിരഞ്ജനി അഖാഡയില്‍ നിന്നും ആനന്ദ് ഗിരിയെ പുറത്താക്കി. ഇതിന് പിന്നാലെയാണ് നരേന്ദ്ര ഗിരിയുമായുള്ള ബന്ധം വഷളാകുന്നത്.
മഠത്തിന്‍റെ സ്വത്ത് വിറ്റുവെന്ന് നരേന്ദ്ര ഗിരിക്കെതിരെ ആനന്ദ് ആരോപണം ഉന്നയിച്ചു. അനുയായികള്‍ വഴി സമൂഹ മാധ്യമങ്ങളിലൂടെ നരേന്ദ്ര ഗിരിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്‌തു. പിന്നീട് കൂറേ പേര്‍ ഇടപ്പെട്ടാണ് പ്രശ്‌നം ഒത്തു തീര്‍പ്പാക്കുന്നതും ആനന്ദ് ഗിരി നരേന്ദ്ര ഗിരിയോടും ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയിലെ പാഞ്ച് പരമേശ്വറിനോടും മാപ്പ് ചോദിക്കുന്നതും.
തുടര്‍ന്ന് ബഡേ ഹനുമാന്‍ ക്ഷേത്രത്തിലും ബാഗാംബ്രി മഠത്തിലും പ്രവേശിക്കുന്നതിനുള്ള ആനന്ദിന്‍റെ വിലക്ക് പിന്‍വലിക്കുകയും ചെയ്‌തിരുന്നു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര ഗിരിയുടെ മരണം.
Read more: മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യ : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖാഡ പരിഷത്ത്