ബെംഗളൂരു : തെന്നിന്ത്യയില്‍ ഭരണമുള്ള ഏക സംസ്ഥാനം നിലനിര്‍ത്താന്‍ ആവനാഴിയ്ക്കകത്തും പുറത്തുമുള്ള ആയുധങ്ങളെല്ലാം സമാഹരിച്ച് കാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും കന്നടമണ്ണില്‍ തോറ്റമ്പുകയായിരുന്നു ബിജെപി. മുഖ്യമന്ത്രി ബൊമ്മൈ മുതല്‍ സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പണത്തിന്‍റെയും അധികാരത്തിന്‍റെയും സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തി അഴിച്ചുവിട്ട വിദ്വേഷ പ്രചരണങ്ങളെ കാവേരിയിയില്‍ മുക്കാനായെന്നതുകൊണ്ടുകൂടിയാണ് കോണ്‍ഗ്രസ് വിജയത്തിന് മാറ്റേറുന്നത്. അന്നന്നത്തെ അതിജീവനത്തിനായി ഉഴലുന്ന മനുഷ്യരുടെ ദുരിതങ്ങള്‍ മറച്ചുപിടിച്ച് ഹിജാബ് വിഷയം മുതല്‍ കേരള സ്റ്റോറി വരെ അജണ്ടയായി അവതരിപ്പിച്ച് വര്‍ഗീയ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപിയുടെ മുഖത്തേറ്റ പ്രഹരം കൂടിയായി തെരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിയ്ക്കുന്ന 'ദി കര്‍ണാടക സ്റ്റോറി'യായി സംസ്ഥാനത്തെ ജനവിധി.
ഹിജാബിനെ ചൊല്ലി വിദ്വേഷ പ്രചരണം : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുകയും അതിന് പിന്നാലെ സംസ്ഥാനമാകെ ബിജെപി വിദ്വേഷപ്രചരണകാഹളം മുഴക്കുകയും ചെയ്തിരുന്നു. കാവി വസ്ത്രം ധരിച്ചെത്തിയവര്‍, ഹിജാബ് ധരിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തുന്നവരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായി.2021 മുതല്‍, സംസ്ഥാനത്ത് 13 ശതമാനത്തോളം വരുന്ന മുസ്ലിം സമൂഹത്തിനുനേരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ക്ക് ഈ സംഭവം ബിജെപി ഉപയോഗിച്ചുവരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിലും അജണ്ടകളിലൊന്നായി ഇത് അവതരിപ്പിക്കപ്പെട്ടെങ്കിലും താമരത്തുടര്‍ച്ചയ്ക്കത് വളമായില്ലെന്ന് ജനവധി അടിവരയിടുന്നു.
ടിപ്പു സുല്‍ത്താനെ ചൊല്ലി വിഭജന രാഷ്ട്രീയം : നിങ്ങള്‍ക്ക് വീര്‍ സവര്‍ക്കറെ വേണോ, ടിപ്പു സുല്‍ത്താനെ വേണോ ? ടിപ്പുവിന്‍റെ സ്ഥാനത്തേക്ക് സിദ്ധരാമയ്യ വരും, ടിപ്പുവിനെ അവസാനിപ്പിച്ചപോലെ സിദ്ധരാമയ്യയെ അവസാനിപ്പിക്കണം. കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വത് നാരായണന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസ്താവിച്ചതാണിത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരാമര്‍ശം. വിമര്‍ശനം കടുത്തപ്പോള്‍ അദ്ദേഹത്തിന് പരാമര്‍ശം പിന്‍വലിക്കേണ്ടിയും വന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ ഇടയ്ക്കിടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ബിജെപി വലിച്ചിഴയ്ക്കുന്നത് വിഭജന രാഷ്ട്രീയമൊന്നുമാത്രം ലക്ഷ്യമിട്ടാണ്. എല്ലാവര്‍ഷവും ടിപ്പു ജയന്തി വിവാദമാക്കിയും ബിജെപി വിദ്വേഷസാധ്യതകള്‍ പ്രയോജനപ്പെടുത്താറുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ഭരണത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നേരെ പോരാടി മരിച്ച ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യ പോരാളിയായി അംഗീകരിക്കുന്നതില്‍ പാര്‍ട്ടി വിമുഖത തുടരുകയാണ്. ടിപ്പു കാര്‍ഡും പക്ഷേ കന്നടമണ്ണിന്‍റെ ജനവിധിയില്‍ ഏശിയില്ല.
ഹലാല്‍ ഉത്പന്ന ബഹിഷ്കരണ ക്യാംപയിന്‍ : ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി തീവ്ര ഹിന്ദു സംഘടനകള്‍ ക്യാംപയിന്‍ അഴിച്ചുവിട്ടിരുന്നു. വിഎച്ച്പി, ബജ്‌റംഗദള്‍ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകര്‍, ഹലാല്‍ മാംസം കഴിച്ചുവെന്നാരോപിച്ച് ആളുകളെ തെരഞ്ഞെുപിടിച്ച് മര്‍ദിക്കുക വരെ ചെയ്‌തു. ഷിമോഗയിലടക്കം മാംസക്കടകളിലെ ജീവനക്കാരെയും ആക്രമിച്ചു. ഇതും തെരഞ്ഞെടുപ്പ് വരെ അടിത്തട്ടില്‍ സജീവമായി നിര്‍ത്തുകയും ആയിരക്കണക്കിന് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് പോസ്റ്റുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പക്ഷേ തെരഞ്ഞെടുപ്പില്‍ ഇതും പച്ചതൊട്ടില്ലെന്ന് കോണ്‍ഗ്രസ് കുതിപ്പില്‍ നിന്ന് വ്യക്തം.
'കേരള സ്റ്റോറി'യിലും താമര തളിര്‍ത്തില്ല : 'കേരള സ്റ്റോറി' എന്ന ചിത്രം ഒരു ഭീകര ഗൂഢാലോചനയെ ആധാരമക്കിയുള്ളതാണെന്നും തീവ്രവാദ പദ്ധതികള്‍ തുറന്നുകാട്ടുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തെരഞ്ഞെടുപ്പ് റാലികളില്‍ പരാമര്‍ശിക്കുകയുണ്ടായി. ഒരു സംസ്ഥാനത്ത് ഭീകരര്‍ നടത്തിയ ഗൂഢാലോചനകളെയും അസമാധാനം സൃഷ്‌ടിക്കാന്‍ നടത്തിയ ശ്രമങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് കേരളത്തെ പ്രധാനമന്ത്രി ഉന്നമിട്ടു. പക്ഷേ ജനവിധിയുടെ 'കര്‍ണാടക സ്റ്റോറി' വിദ്വേഷ അജണ്ടകളെ അടപടലം കടപുഴക്കുന്നതായി.
'ഹനുമാനും' തുണച്ചില്ല : ഭരണത്തിലേറിയാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌തപ്പോള്‍ വിഷയം ട്വിസ്റ്റ് ചെയ്ത് ഹനുമാനെതിരാണ് കോണ്‍ഗ്രസ് എന്ന പ്രചരണത്തിന് പ്രധാനമന്ത്രി തന്നെ തുടക്കമിട്ടു. 'ജയ് ബജ്റംഗബലി' മുദ്രാവാക്യം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തു. ഇതുവരെ രാമനെതിരെയായിരുന്നു പ്രശ്നം ഇപ്പോള്‍ ഹനുമാനെതിരെയും കോണ്‍ഗ്രസ് തിരിഞ്ഞിരിക്കുന്നുവെന്നായിരുന്നു പ്രധാനന്ത്രിയുള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചത്. പക്ഷേ 'ഹനുമാനും' തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുണയായില്ല.
മുസ്ലിം സംവരണം നിര്‍ത്തലാക്കി പ്രീണനനയം : തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കര്‍ണാടകയില്‍ നാല് ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കി ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനും ബിജെപി ശ്രമം നടത്തിയിരുന്നു. മുസ്ലിം സംവരണം റദ്ദാക്കി ബിജെപി സര്‍ക്കാര്‍ രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ചുനല്‍കി പ്രീണനരാഷ്ട്രീയം പയറ്റി. പക്ഷേ വര്‍ഗീയ അജണ്ടകളല്ല, ജനകീയ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന് ജനം തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന് തെരഞ്ഞെടുപ്പ് വിധി അടിവരയിടുന്നു.
ഏകത്വ അജണ്ടയവതരിപ്പിച്ച് അമിത് ഷാ : എകത്വം എന്ന ബിജെപി അജണ്ടയുടെ പ്രയോഗവത്കരണത്തിനായിരുന്നു അമിത്ഷാ, ഗുജറാത്ത് ആസ്ഥാനമായുള്ള അമുലിന്‍റെ ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍ വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയത്. നന്ദിനിയെന്ന മികച്ച ബ്രാന്‍ഡിന്‍റെ ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് സബ്‌സിഡി നിരക്കില്‍ ലഭ്യമാകുമ്പോഴായിരുന്നു സര്‍ക്കാര്‍ കമ്പനിയെ ഗുജറാത്ത് ബ്രാന്‍ഡായ അമുലില്‍ ലയിപ്പിക്കുമെന്നുള്ള അമിത്ഷായുടെ പ്രഖ്യാപനം. പക്ഷേ ആ ഏകത്വ വിഭാവനത്തെയും കര്‍ണാടക തിരസ്കരിച്ചു.