ഈസ്റ്റ് ഗോദാവരി/വിശാഖ: ആന്ധ്രാപ്രദേശില്‍ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ തവളയുടെ ജഡവും കാക്ക തൂവലും കണ്ടെത്തി. ഈസ്റ്റ് ഗോദാവരി, വിശാഖ ജില്ലകളിലുള്ള സര്‍വകലാശാലകളിലെ ഹോസ്റ്റല്‍ മെസുകളിലാണ് സംഭവം. രണ്ടിടത്തും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.
ഈസ്റ്റ് ഗോദാവരിയിലെ രാജനഗരത്തിന് സമീപമുള്ള എകെഎന്‍ സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയ ഉപ്പുമാവിലാണ് ചത്ത തവളയെ കണ്ടെത്തിയത്. ഞായറാഴ്‌ച(31.07.2022) രാവിലെ ഭക്ഷണം തയ്യാറാക്കി ഒരു ബൗള്‍ ബോയ്‌സ് ഹോസ്റ്റലിലേക്കും മറ്റൊന്ന് ഗേള്‍സ് ഹോസ്‌റ്റലിലേക്കും അയയ്‌ക്കുകയായിരുന്നു.
ഏകദേശം 75 ശതമാനത്തോളം വിദ്യാര്‍ഥികളും ഉപ്പുമാവ് കഴിച്ചതിന് ശേഷമാണ് ഭക്ഷണത്തില്‍ തവളയെ കണ്ടത്. തുടര്‍ന്ന് രജിസ്‌ട്രാര്‍ ടി അശോക് ഹോസ്റ്റലിലെത്തി പരിശോധിച്ചു. നേരത്തെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും പാചകക്കാരെ മാറ്റണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റൊരു സംഭവത്തില്‍ ആന്ധ്ര സര്‍വകലാശാലയിലെ നാഗാര്‍ജുന ഹോസ്റ്റലില്‍ വിതരണം ചെയ്‌ത ഭക്ഷണത്തില്‍ കാക്ക തൂവല്‍ കണ്ടെത്തി. ശനിയാഴ്‌ച(30.07.2022) രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മെസ് അടച്ച് പ്രതിഷേധിച്ചു. ഹോസ്റ്റല്‍ മെസിലെ ഭക്ഷണം മോശമായതിനാല്‍ പല വിദ്യാര്‍ഥികളും സര്‍വകലാശാലയ്‌ക്ക് പുറത്ത് പോയാണ് കഴിക്കുന്നത്.
ഭക്ഷണ സമയത്തല്ലാതെ കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്നും പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് ചീഫ് വാര്‍ഡനും വാര്‍ഡനും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയ ശേഷമാണ് മെസിന്‍റെ താക്കോല്‍ വിദ്യാര്‍ഥികള്‍ കൈമാറിയത്.