ശ്രീനഗർ: മഞ്ഞുവീഴ്ചയെത്തുടർന്ന് ശ്രീനഗർ-ലേ ദേശീയപാത വീണ്ടും അടച്ചു. വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്ത് ഒരു ദിവസത്തിന് ശേഷമാണ് പാത വീണ്ടും അടച്ചത്. ഇന്ന് രാവിലെ മുതൽ ഡ്രാസ്, മണിമാർഗ്, സോനമാർഗ്, സോജില എന്നിവിടങ്ങളിൽ ഉണ്ടായ മഞ്ഞുവീഴ്ച ശ്രീനഗർ-ലേ ദേശായപാതയിലെ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഭരണകൂടത്തെ നിർബന്ധിതരാക്കിയിരുന്നു.
നാല് മാസങ്ങൾക്ക് ശേഷമാണ് ഇന്നലെ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) പാത തുറന്നുകൊടുത്തത്. വൺവേ ട്രാഫിക്കും ചെറിയ വാഹനങ്ങളും മാത്രമേ ദേശീയപാതയിൽ ഓടിക്കാൻ അനുവാദമുള്ളൂ. 434 കിലോമീറ്റർ നീളമുള്ള ശ്രീനഗർ-ലേ ദേശീയപാത ഡിസംബർ 31 നാണ് ഗതാഗതത്തിനായി അടച്ചത്. റോഡിൽ നിരവധി അടി വരെ മഞ്ഞ് അടിഞ്ഞതിനാൽ ഏകദേശം 112 ദിവസം ദേശീയപാത അടച്ചിട്ടു. ബിആർഒ പലതവണ മഞ്ഞ് നീക്കിയെങ്കിലും, തുടർച്ചയായി മഞ്ഞുവീഴ്ച കാരണം ദേശീയപാത അടയ്‌ക്കേണ്ടി വരികയായിരുന്നു.