ബെംഗളുരു: ഉത്തര കർണാടകയിലെ 'തമ്ര' റെസ്റ്റോറന്‍റ് വാർത്തകളിൽ നിറയുകയാണ്..എന്തിനാണെന്നല്ലേ!? നീരജ് എന്ന് പേരുള്ള വ്യക്തികൾക്കെല്ലാം സൗജന്യ ഭക്ഷണം പ്രഖ്യാപിച്ചാണ് തമ്ര താരമാവുന്നത്. കാർവാർ സ്വദേശിയായ ആശിഷ് നായിക്കാണ് തമ്രയുടെ സ്ഥാപകന്‍. ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സ് വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്കുള്ള ആദരവ് കൂടിയാണിത്.
നീരജ് എന്ന് പേരുള്ള വ്യക്തികൾക്ക് 'അൺലിമിറ്റഡ് ഭക്ഷണം' ആണ് റെസ്റ്റോറന്‍റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് ഓഫറിന്‍റെ കാലാവധിയെന്ന് റെസ്റ്റോറന്‍റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. നീരജ് എന്ന് പേരുള്ള വ്യക്തി ഞങ്ങളുടെ റെസ്റ്റോറന്‍റിലേക്ക് വന്നാൽ പേര് തെളിയിക്കുന്നതിനായി രേഖകൾ സമർപ്പിക്കണം.
ഇതുവരെ നാല് പേർ റെസ്റ്റോറന്‍റിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതായി റെസ്റ്റോറന്‍റ് ഉടമ ആശിഷ് നായിക്ക് ഇടിവി ഭാരതിനോട് പറഞ്ഞു. ഏഴ് മാസം മുമ്പ് ആരംഭിച്ച 'തമ്ര' പരമ്പരാഗത സീ ഫുഡിന് പ്രശസ്തമാണ്. ഹൈവേയ്ക്ക് സമീപം നിരകണ്ഠ ക്രോസിലാണ് റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. അറുപതോളം സീറ്റുകൾ, 30 സീറ്റർ എസി, രണ്ട് ഫാമിലി റൂമുകളുമുള്ള തമ്രയിലെ അന്തരീക്ഷവും വൈവിധ്യമാർന്ന ലൈറ്റിംഗും ആസ്വാദകർക്ക് പുത്തന്‍ അനുഭവമാണ്.
Also read: കാപ്‌സ്യൂൾ രൂപത്തിലാക്കി മയക്കുമരുന്ന് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ