ബെംഗളൂരു : കർണാടകയിലെ സ്‌ത്രീകൾക്ക് ഇനി മുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര. സംസ്ഥാനത്തെ സ്‌ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ശക്‌തി പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്‌ഘാടനം ചെയ്‌തു. ശക്തി പദ്ധതിയുടെ ലോഗോ പ്രകാശനവും ശക്തി സ്‌മാർട്ട് കാർഡ് വിതരണവും ചടങ്ങിൽ നിർവഹിച്ചു. വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്‌ഘാടന ശേഷം സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ബസിൽ യാത്ര ചെയ്‌തു. കർണാടകയിൽ സ്ഥിരതാമസക്കാരായ സ്‌ത്രീകൾക്ക് ഇന്ന് മുതൽ സംസ്ഥാന പരിധിക്കുള്ളിലെ സൗജന്യ ബസ് യാത്രാസൗകര്യം ഉപയോഗപ്പെടുത്താം. കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകളുടെ സംസ്ഥാനത്ത് ഓടുന്ന സിറ്റി, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിലാണ് സൗജന്യ ആനുകൂല്യം ലഭിക്കുക.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ കര്‍ണാടക അതിര്‍ത്തി വരെ സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഈ സൗജന്യ യാത്രാപദ്ധതി പ്രതിദിനം 41.8 ലക്ഷത്തിലധികം സ്‌ത്രീ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും, പദ്ധതിക്കായി പ്രതിവർഷം 4,051.56 കോടി രൂപ ചെലവ് വരുമെന്നും അധികൃതർ അറിയിച്ചു. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ അഞ്ച് വാഗ്‌ദാനങ്ങള്‍ ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം നടപ്പാക്കും എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു ശക്തി പദ്ധതി.
അതേസമയം ജാതി, മത, ലിംഗ വിവേചനമില്ലാതെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്നും വിദ്യാർഥിനികൾ ഉൾപ്പടെ എല്ലാ സ്‌ത്രീകൾക്കും യാതൊരു വിവേചനവുമില്ലാതെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ പദ്ധതി ദരിദ്രരും ഇടത്തരക്കാരുമായ പശ്ചാത്തലത്തിൽ നിന്ന് ജോലിക്ക് പോകുന്ന സ്‌ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കും. അതിനാൽ സമ്പാദ്യം അവർക്ക് വീട്ടുചെലവിനായി ഉപയോഗിക്കാനാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
തങ്ങൾ നടപ്പാക്കുന്ന പദ്ധതികളെ പ്രതിപക്ഷം പരിഹസിച്ചാലും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ വ്യക്‌തമാക്കി. കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌ത പദ്ധതികൾ നടപ്പിലാക്കുന്നത് കണ്ട് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഭയമുണ്ടായിരിക്കുകയാണ്. എന്നാൽ ജനങ്ങൾക്കിടയിലാണ് തങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നതെന്നും ശക്തി പദ്ധതിയുടെ ഉദ്‌ഘാടന ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സിദ്ധരാമയ്യ പറഞ്ഞു.
യാത്രയ്‌ക്ക് ശക്‌തി സ്‌മാർട്ട് കാർഡ് : അതേസമയം ആദ്യത്തെ മൂന്ന് മാസം സൗജന്യ യാത്രയ്ക്കായി ശക്‌തി സ്‌മാർട്ട് കാർഡിന്‍റെ ആവശ്യമില്ല. മൂന്ന് മാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖ കണ്ടക്‌ടറെ കാണിച്ചാല്‍ പൂജ്യം രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കും. മൂന്ന് മാസത്തിന് ശേഷം യാത്രയ്ക്ക് ശക്തി സ്‌മാര്‍ട്ട് കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. സേവാ സിന്ധുവിന്‍റെ സർക്കാർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്‌ത് സ്‌ത്രീകൾക്ക് ശക്‌തി സ്‌മാർട്ട് കാർഡുകൾക്കായി അപേക്ഷിക്കാനാകും.