ബെംഗളൂരു: കോടികളുടെ തട്ടിപ്പും അനധികൃത സാമ്പത്തിക ഇടപാടുകളും ആരോപിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ വ്യാഴാഴ്‌ച അറസ്റ്റ് ചെയ്‌തു. മുംബൈ ആസ്ഥാനമായുള്ള കരൺ ഗ്രൂപ്പ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് കമ്പനി മേധാവി മഹേഷ് ബി ഓജയാണ് അറസ്റ്റിലായത്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിനായി പലരിൽ നിന്നും 526 കോടി നിക്ഷേപം നടത്തി വഞ്ചിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
സംഭവത്തിൽ കേസെടുത്ത് പ്രതി മഹേഷിനെ അറസ്റ്റ് ചെയ്‌ത് പ്രത്യേക കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണത്തിനായി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തതായും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. കരൺ ഗ്രൂപ്പ് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് എന്ന പേരിൽ പലരും വിവിധ പദ്ധതികളിലായി പണം നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക മുടക്കി കമ്മിഷൻ നൽകിയെന്ന റെക്കോർഡും ഇയാൾ സൃഷ്‌ടിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി എഫ്‌ഐആറുകൾ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണത്തിൽ പ്രതി മഹേഷിന് മറ്റൊരു കമ്പനി ഉള്ളതായും നിക്ഷേപ തുക വകമാറ്റി മറ്റൊരു കമ്പനി നടത്തുന്നതായും കണ്ടെത്തി. ഈ കമ്പനിയിൽ 121.5 കോടി രൂപ മഹേഷ് നിക്ഷേപിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മുക്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുടെ സ്ഥാവര വസ്‌തുക്കൾ കണ്ടുകെട്ടി: മംഗളൂരുവിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (എഫ്ഇഎംഎ) ലംഘിച്ചതിന് മുക്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ മുഹമ്മദ് ഹാരിസിന്‍റെ പേരിലുള്ള സ്ഥാവര സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഹാരിസിന്‍റെ 17.34 കോടി രൂപയും മംഗലാപുരത്ത് രണ്ട് ഫ്‌ളാറ്റുകളും ഒരു വ്യവസായ പ്ലോട്ടും ഇഡി കണ്ടുകെട്ടി. ഇതിന് പുറമെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
എഫ്ഇഎംഎ ചട്ടങ്ങൾ ലംഘിച്ച് മുഹമ്മദ് ഹാരിസിന് വിദേശത്ത് റിയൽ എസ്റ്റേറ്റ്, ബിസിനസ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ചട്ടം ലംഘിച്ച് ഇയാൾ വിദേശനാണ്യ ഇടപാട് നടത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. അന്വേഷണത്തിൽ, ഹാരിസിന് യുഎഇയിൽ ഫ്ലാറ്റുണ്ടെന്നും വിദേശ ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും വിദേശ ബിസിനസ് സ്ഥാപനത്തിൽ നിക്ഷേപമുണ്ടെന്നും വ്യക്തമായി.
ഇന്ത്യൻ കണക്ക് പ്രകാരം 17.34 കോടി രൂപയാണ് ഇതിന്‍റെ ആകെ ആസ്‌തി. നിയമപ്രകാരം, വിദേശത്ത് നടത്തിയ നിയമ ലംഘനത്തിന് ഇന്ത്യയ്ക്കുള്ളിലെ സ്വത്ത് കണ്ടുകെട്ടാൻ ഇഡിക്ക് അധികാരമുണ്ട്, ഇതേത്തുടർന്നാണ് നടപടി.
Also read: സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് : മുഖ്യ പ്രതി പ്രവീൺ റാണയുടെ അറസ്‌റ്റ് രേഖപ്പെടുത്തി