ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യപ്രദേശിലും അതിനൊപ്പം ഛത്തീസ്‌ഗഡിലും തെലങ്കാനയിലും ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സിറ്റ് പോളുകൾ നല്‍കുന്ന സൂചനകൾ പ്രകാരം ഛത്തീസ്‌ഗഡില്‍ കോൺഗ്രസിന് മേല്‍ക്കൈയുണ്ട്. തെലങ്കാനയില്‍ അധികാരം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. (Four states assembly election result 2023). ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അടിയന്തര യോഗം വിളിച്ചത്.
ഛത്തീസ്‌ഗഡിന്‍റെ തലസ്ഥാനമായ റായ്‌പൂരില്‍ കോൺഗ്രസ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തെലങ്കാനയിലെ വിജയപ്രതീക്ഷയുള്ള സ്ഥാനാർഥികളോട് ഹൈദരാബാദില്‍ എത്താനാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്.
2018ല്‍ കേവല ഭൂരിപക്ഷം ലഭിച്ചിട്ടും മധ്യപ്രദേശില്‍ അധികാരം നഷ്‌ടമായ സാഹചര്യവും കുതിരക്കച്ചവടവും കണക്കിലെടുത്താണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ അടിയന്തരനീക്കം. വോട്ടെണ്ണല്‍ തുടങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പുതിയ നീക്കം. 2018ല്‍ തെലങ്കാനയില്‍ ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ പലരും പിന്നീട് ടിആർഎസിലേക്കും അത് വഴി ബിആർഎസിലേക്കും ചേക്കേറിയിരുന്നു.
ഇത്തവണ ഫലം വരും മുൻപേ തന്നെ തന്ത്രപരമായ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ആദ്യ ഫല സൂചനകൾക്ക് ശേഷമാകും കോൺഗ്രസിന്‍റെ നീക്കങ്ങൾ.
Also read: 'വിധിയറിയും മുൻപൊരു പ്രാർഥന'; നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്
രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ മധ്യപ്രദേശ് നഗ്‌ദ ഖച്റോഡ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിലീപ് ഗുർജാർ ഉജ്ജിയിനിലെ ജ്യോതിർലിംഗ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. ക്ഷേത്രത്തിൽ കൈകൂപ്പി പ്രാർത്ഥിക്കുന്ന ദിലീപിന്‍റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
വിധിയറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നാല് സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ നേതാക്കൾ ആരാധനാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ഗതി നിർണയിക്കുന്ന ഘടകം കൂടിയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിയോടെ ആരംഭിച്ചിട്ടുണ്ട്. മിസോറാമിൽ നാളെ ആയിരിക്കും വോട്ടെണ്ണൽ.
രാജസ്ഥാനിലെ 199 സീറ്റുകളിലേക്കും മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും ഛത്തീസ്‌ഗഡിലെ 90 സീറ്റുകളിലേക്കും തെലങ്കാനയിലെ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Also read:നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്, വിശദമായറിയാം ഇടിവി ഭാരതില്‍