ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ മുബാരിക ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിനിടെ നൃത്തത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.
വിവാഹ ഘോഷയാത്രയ്ക്കിടെ നൃത്തം ചെയ്യുന്ന വിഷയത്തിൽ ഹർദീപും സുരേന്ദറുമായി ഉണ്ടായ ഏറ്റുമുട്ടലാണ് പ്രശ്‌നത്തിന് കാരമെന്ന് മൻസൂർപൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) കുശാൽപാൽ സിംഗ് പറഞ്ഞു. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ബാറ്റണുകളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന്, എസ്എച്ച്ഒ പറഞ്ഞു.
ഏറ്റുമുട്ടലിൽ ഹർദീപ്, സുരേന്ദർ, സോനു, കാജൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അന്വേഷിച്ചു വരികയാണെന്നും എസ്എച്ച്ഒ പറഞ്ഞു.