റായ്‌പൂർ: നാല് പുതിയ പാലങ്ങൾ കൂടി നിർമിക്കാനൊരുങ്ങുകയാണ് ഛത്തീസ്‌ഗഡിലെ ബസ്‌തർ ജില്ലയിൽ. ഇതോടെ വികസന പ്രതീക്ഷകൾ ഉണരുകയാണ് ഇന്ദ്രാവതി നദിക്ക് ഇരു വശവും താമസിക്കുന്ന ജനങ്ങൾക്കിടയിൽ. 70 വർഷത്തിനിടെ ആദ്യമായിട്ടാണ് ബിജാപൂർ, സുക്‌മ, ദന്തേവാഡ, മഹാരാഷ്‌ട്ര അതിർത്തി എന്നിവിടങ്ങളിലായി പാലം നിർമിക്കുന്നത്. പാലം വരുന്നതോടെ ജില്ലയിലെ ആരോഗ്യ മേഖലയിലും വികസനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ പ്രദേശത്ത് ലഭ്യമല്ലായിരുന്നു. ഉൾപ്രദേശങ്ങളിലേക്ക് പൊലീസിന് എത്താൻ കഴിയില്ലായിരുന്നു. അഞ്ചോളം പഞ്ചായത്തുകളാണ് ഈ പ്രദേശത്ത് ഉള്ളത്. ദൈനംദിന ആവശ്യങ്ങൾക്കായി നഗരത്തിലെത്താൻ ജനങ്ങൾ വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ആശുപത്രിയിൽ പോകാനും ജനങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ലൈൻ ഓഫ് ബസ്‌തർ ഡിവിഷൻ എന്നു വിളിക്കുന്ന രണ്ട് പാലങ്ങൾ ഇന്ദ്രാവതി നദിയിൽ മുൻപ് നിർമിച്ചിരുന്നതായി ബസ്‌തർ ഐ.ജി സുന്ദരരാജ് പി പറഞ്ഞു. അതിലൊന്ന് ജഗദൽപൂരിലും മറ്റൊന്ന് ബർസൂരിലെ സാത് ധാറിലുമാണ്. പിന്നീട് കൂടുതൽ പാലങ്ങൾ നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു പാലത്തിന്‍റെ നിർമാണം പൂർത്തിയായതായും ബാക്കിയുള്ളവയുടെ നിർമാണം 2022 ഓടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് പുതിയ പാലങ്ങൾ വരുന്നതോടെ ഏഴ് പാലങ്ങൾ പ്രദേശത്ത് വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 71 കോടി രൂപ ചെലവിൽ ബിജാപൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ആറ് പാലങ്ങൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: 40 വർഷത്തെ രാജ്യസേവനം ; ഐഎൻഎസ് സന്ധായക് വെള്ളിയാഴ്‌ച നിർത്തലാക്കും