തിരുവണ്ണാമലൈ: രണ്ടിടത്തായി നാല് എടിഎം മെഷീനുകള്‍ കുത്തിത്തുറന്ന് 75 ലക്ഷം രൂപ മോഷ്‌ടിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) മൂന്ന് എടിഎമ്മും പൊലൂര്‍ ബസ് സ്‌റ്റാന്‍ഡിന് സമീപമുള്ള വണ്‍ ഇന്ത്യയുടെ എടിഎമ്മും കുത്തിത്തുറന്നാണ് മോഷ്‌ടാക്കള്‍ ഇന്ന് കാലത്ത് 75 ലക്ഷം രൂപ കവര്‍ന്നത്. മോഷണത്തിന് ശേഷം മോഷ്‌ടാക്കള്‍ എടിഎമ്മിനും സിസിടിവിക്കും തീയിട്ടതോടെ വിരലടയാളവും തെളിവുകളും കണ്ടെത്താന്‍ പൊലീസിനായില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നോര്‍ത്ത് സോണ്‍ ഐജി കണ്ണന്‍റെ നേതൃത്വത്തില്‍ മൂന്ന് പൊലീസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെട്ട ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ച് അന്വേഷണം നടത്താനാണ് പൊലീസ് ശ്രമം.
എടിഎം കവര്‍ച്ച സംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മോഷ്‌ടാക്കള്‍ സംഘമായെത്തിയാണ് മോഷണം നടത്തിയിട്ടുള്ളത്. സംഭവത്തില്‍ തിരുവണ്ണാമലൈ ജില്ലയ്‌ക്ക് മാത്രമായി അഞ്ച് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നോര്‍ത്ത് സോണ്‍ ഐജി കണ്ണന്‍ അറിയിച്ചു. ജില്ലക്ക് പുറത്തുള്ള പൊലീസ് ഡിപ്പാര്‍ട്‌മെന്‍റും മോഷണം അന്വേഷിക്കുന്നുണ്ട്.
സംഭവം നടന്ന ദിവസം പൊലീസ് പട്രോളിങില്‍ വീഴ്‌ച കണ്ടെത്തിയാല്‍ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സമാനമായ മോഷണം മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും നടന്നിട്ടുണ്ടെന്നും മോഷ്‌ടാക്കള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.