ന്യൂഡല്‍ഹി : ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വിനയ്‌കുമാര്‍ സക്സേനയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ഹർഷ് വർധൻ ഇറങ്ങിപ്പോയി. ചടങ്ങില്‍ പങ്കെടുക്കുന്നതിന് തനിക്ക് പ്രത്യേക സീറ്റ് നല്‍കിയില്ലെന്നുപറഞ്ഞാണ് വ്യാഴാഴ്‌ച രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങിയത്. അതിഥികള്‍ക്കായി ഇരിപ്പിടമൊരുക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പോലും സീറ്റ് നല്‍കിയില്ല. ഇക്കാര്യം സക്സേനയുമായി സംസാരിക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അദ്ദേഹം ചടങ്ങില്‍ നിന്ന് ഇറങ്ങി പോകുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
also read: ആന്‍റണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്‌തു: 'ഓസ്ട്രേലിയൻ ജനതയെ ഒന്നിച്ച് നിറുത്തും'
സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സക്സേന, ഹര്‍ഷ് വര്‍ധനന്‍ ഇറങ്ങി പോയതിനെകുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും പ്രതികരിച്ചില്ല. ബിജെപിയുടെ ഏഴ് ലോക്‌സഭ എംപിമാരും കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, മീനാക്ഷി ലേഖി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നോർത്ത് ഈസ്റ്റ് ഡൽഹി എംപി മനോജ് തിവാരിയും വെസ്റ്റ് ഡൽഹി എംപി പർവേഷ് വർമയും വിശിഷ്ടാതിഥികൾക്കുള്ള ഇരിപ്പിടത്തിന്‍റെ പിന്‍നിരയിലാണ് ഇരുന്നിരുന്നത്.