മോർബി (ഗുജറാത്ത്): മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഗുജറാത്തിലെ വാങ്കനറിന്‍റെ എംഎൽഎയും ആയിരുന്ന ദിഗ്‌വിജയ് സിങ് സാല (88) അന്തരിച്ചു. സൗരാഷ്ട്രയിലെ മുന്‍ നാട്ടുരാജ്യമായ വാങ്കനറിന്‍റെ തലവനായിരുന്ന ഇദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു.
സാല 1962-67 കാലയളവിൽ സ്വതന്ത്ര സ്ഥാനാർഥിയായും 1967-71 വരെ സ്വതന്ത്ര പാർട്ടിയുടെ അംഗവുമായിരുന്നു. പിന്നീട് ഇദ്ദേഹം കോൺഗ്രസ് പാർട്ടിയിൽ ചേരുകയും രണ്ട് തവണ സുരേന്ദ്രനഗറിൽ നിന്ന് പാർലമെന്‍റ് അംഗമാകുകയും ചെയ്തു. മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ കീഴിൽ പരിസ്ഥിതി മന്ത്രാലയം സ്ഥാപിക്കുകയും രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി മന്ത്രിയാകുകയും ചെയ്തു.
ലോകം അഭിമുഖീകരിക്കുന്ന പാരസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് യുണൈറ്റഡ് നേഷന്‍സിൽ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യൻ റെയിൽവേയിൽ മരം കൊണ്ടുള്ള സ്ലീപ്പർ മാറ്റി പകരം സിമന്‍റ് ഉപയോഗിക്കുവാനുള്ള പരിഷ്കാരങ്ങൾക്ക് സാലയാണ് തുടക്കമിട്ടത്.