ജയ്പൂര്‍: മുന്‍ ഗവര്‍ണര്‍ അൻഷുമാൻ സിംഗ് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1935 ജൂലൈ ഏഴിന് അലഹബാദിൽ ജനിച്ച അദ്ദേഹം 1957ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1968ല്‍ തന്‍റെ 22-ാം വയസ്സിൽ സര്‍ക്കാര്‍ അഭിഭാഷകനായി അലഹബാദിലെ ജില്ലാ കോടതിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1976 ലും 1984 ലും അലഹബാദ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു.
തുടര്‍ന്ന് 1994ൽ രാജസ്ഥാൻ ഹൈക്കോടതിയിൽ സീനിയർ ജഡ്ജിയും 1996ൽ രാജസ്ഥാൻ ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുമായി. 1999ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി നിയമിതനായതോടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഗുജറാത്ത് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെലോട്ട്, ആരോഗ്യമന്ത്രി രഘു ശർമ തുടങ്ങി രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്‍ഷുമാന്‍ സിംഗിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.