ന്യൂഡല്‍ഹി : ഈമാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്‌ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് ഉന്നതര്‍ക്കെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍. ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോധ്‌വാദിയ പറഞ്ഞു (Former Congress Gujarat chief).
അയോധ്യയിലെ ചടങ്ങുകള്‍ ബിജെപി-ആര്‍എസ്എസ് പരിപാടിയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ക്ഷണം നിരസിച്ചത്. എന്നാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് തീരുമാനത്തെ ശക്തമായ ഭാഷയിലാണ് അര്‍ജുന്‍ മോധ്‌വാദിയ എക്‌സിലൂടെ വിമര്‍ശിച്ചത്. ശ്രീരാമന്‍ ആരാധന മൂര്‍ത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ വിശ്വാസികളുടെ കാര്യമാണ്. ഇത്തരം തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കൈക്കൊള്ളരുതെന്നും അദ്ദേഹം പറഞ്ഞു (congress decision on Ayodhya ceremony).
അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുകളില്‍ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷാണ് അറിയിച്ചത്. കഴിഞ്ഞമാസമാണ് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരെ അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങുകളിലേക്ക് ക്ഷണിച്ചത്.
രാമനെ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് പേര്‍ ആരാധിക്കുന്നു. മതവും വിശ്വാസവും വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാല്‍ ബിജെപിയ്ക്കും ആര്‍എസ്എസിനും അയോധ്യ വിഷയത്തില്‍ ദീര്‍ഘകാലമായി രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പണി തീരാത്ത ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ഇപ്പോള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് നേട്ടം മുന്‍നിര്‍ത്തിയാണെന്നും കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
2019ലെ സുപ്രീം കോടതി വിധി മാനിച്ചും. രജ്യത്തെ രാമനെ ആരാധിക്കുന്ന ലക്ഷങ്ങളുടെ വിശ്വാസം ആദരിച്ചും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും അധീര്‍ രഞ്ജന്‍ ചൗധരിയും പൂര്‍ണമായും ആര്‍എസ്എസ് ബിജെപി പരിപാടിയായ അയോധ്യ പ്രതിഷ്‌ഠ ചടങ്ങുകള്‍ക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നവെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Also Read: രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിന്‍റെ ക്ഷണം നിരസിച്ച സോണിയ ഗാന്ധിയെ വിമർശിച്ച് സ്‌മൃതി ഇറാനി
അയോധ്യയിലെ രാംലല്ല പ്രതിഷ്‌ഠ ചടങ്ങുകളുടെ ഭാഗമായുള്ള പൂജ ചടങ്ങുകള്‍ ജനുവരി പതിനാറിന് തന്നെ ആരംഭിക്കും. ഒരാഴ്‌ച നീളുന്ന ഈ ചടങ്ങിന് ശേഷമാണ് പ്രതിഷ്‌ഠ നടക്കുന്നത്. 22ന് വാരണാസിയില്‍ നിന്നുള്ള ലക്ഷ്‌മി കാന്ത് ദീക്ഷിത് എന്ന പൂജാരിയാണ് രാംലല്ലയുടെ പ്രതിഷ്‌ഠ കര്‍മ്മം നിര്‍വഹിക്കുന്നത്. ജനുവരി പതിനാല് മുതല്‍ 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവവും നടക്കും. രാംലല്ല പ്രതിഷ്‌ഠ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.