കൊൽക്കത്ത : മഹിള കോൺഗ്രസ് ദേശീയ അധ്യക്ഷയും മുൻ എംപിയുമായ സുസ്‌മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കന്മാരുടെയും എംപിമാരുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.
നമ്പാന്നയിലെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ സുസ്‌മിത എത്തിച്ചേർന്നിരുന്നു. രാജി സംബന്ധിച്ച് സുസ്‌മിത ദേവ് സോണിയ ഗാന്ധിക്ക് കത്ത് അയച്ചെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.
ജനസേവനത്തിന്‍റെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന് രാജിക്കത്തിൽ സുസ്‌മിത വ്യക്തമാക്കുന്നു. അടുത്ത കാലത്ത് കോൺഗ്രസ് സ്വീകരിച്ച പല തീരുമാനങ്ങളിലും സുസ്‌മിതക്ക് എതിർപ്പുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
READ MORE: ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ രാജിവെച്ചു, തൃണമൂല്‍ കോൺഗ്രസിലേക്ക് എന്ന് സൂചന
30 വർഷത്തോളം കോൺഗ്രസുമായുണ്ടായിരുന്ന ബന്ധമാണ് അസമില്‍ നിന്നുള്ള വനിത നേതാവായ സുസ്‌മിത അവസാനിപ്പിച്ചത്. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്‍റെ മകളാണ്.
ഇന്ത്യൻ നാഷണല്‍ കോൺഗ്രസിനൊപ്പമുള്ള യാത്രയില്‍ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായി സുസ്‌മിത രാജിക്കത്തില്‍ വ്യക്തമാക്കുന്നു.