ബെംഗളൂരു : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയർന്നതോടെ പല സംസ്ഥാനങ്ങളും ഒരിക്കൽ കൂടി പൂർണ അടച്ചുപൂട്ടലിലേക്ക് എത്തി. പൊതുവിതരണ സംവിധാനങ്ങളിലൂടെ ജനങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കാൻ സർക്കാരുകൾക്ക് ഒരു പരിധി വരെ കഴിഞ്ഞു. എന്നാൽ തെരുവിൽ കഴിയുന്ന മൃഗങ്ങളുടെ കാര്യമോ? ഈ കാലയളവിൽ മൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വാണിജ്യ സ്ഥാപനങ്ങളും ഭക്ഷണശാലകളും അടച്ചതോടെ പട്ടിണിയായത് ഇവയെ ആശ്രയിച്ച് ജീവിച്ചിരുന്ന തെരുവ് നായ്ക്കളടക്കമാണ്. ഈ സമയത്തും ദക്ഷിണ കർണാടകയിലെ പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി) മുൻ അധ്യക്ഷൻ തെരുവ് നായ്ക്കൾക്ക് ദിനവും ഭക്ഷണവുമായി എത്താറുണ്ട്.
Also Read: 6 പുതിയ അന്തർവാഹിനികൾ ; 50,000 കോടിയുടെ ടെന്‍ഡര്‍ അംഗീകരിച്ച് കേന്ദ്രം
150ഓളം തെരുവ് നായ്ക്കൾക്കാണ് രാജേഷ് ബന്നൂർ ദിനവും ഭക്ഷണമെത്തിക്കുന്നത്. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം തന്‍റെ സ്‌കൂട്ടറിൽ എത്തിച്ചാണ് അദ്ദേഹം പുത്തൂർ നഗരത്തിലെ നായ്ക്കൾക്ക് വിളമ്പുന്നത്. ബിരിയാണി അടക്കമുള്ള വിഭവങ്ങളാണ് അദ്ദേഹം തെരുവ് നായ്ക്കൾക്ക് വിതരണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഒരു താത്കാലിക ഷെഡ് എങ്കിലും പണിത് തെരുവ് നായ്ക്കൾക്ക് വാസസ്ഥലം ഒരുക്കണമെന്നാണ് രാജേഷിന്‍റെ അഭ്യർഥന. തനിക്ക് സർക്കാർ സ്ഥലം അനുവദിച്ച് നൽകുകയാണെങ്കിൽ ഷെഡ് പണിയാൻ തയ്യാറാണെന്നും രാജേഷ് പറയുന്നു.
Also Read: സുസ്ഥിര വികസനം, സംശുദ്ധ ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യ ലോകത്തെ നയിക്കുന്നു: നരേന്ദ്രമോദി
ഏതാനും ഹോട്ടലുകളിൽ നിന്നും യുവാക്കളിൽ നിന്നും രാജേഷിന് സഹായം ലഭിക്കുന്നുണ്ട്. അവരും അവരാൽ കഴിയുന്ന ഭക്ഷണം തെരുവ് നായ്ക്കൾക്കും മറ്റുമായി മാറ്റിവയ്ക്കുന്നു. ഇതിനുപുറമെ തെരുവ് നായ്ക്കൾക്ക് രോഗം ബാധിച്ചാൽ വെറ്ററിനറി ഡോക്‌ടർമാരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്താനും രാജേഷും സംഘവും മുന്നിലുണ്ടാവാറുണ്ട്.