ദിസ്‌പൂർ: മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി അന്തരിച്ചു. 84 വയസായിരുന്നു. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഗൊഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മൂന്നു പ്രാവശ്യം അസം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഗൊഗോയിക്ക് ഓഗസ്റ്റ് 25 ന് കൊവിഡ് സ്ഥിരീകരിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഒക്‌ടോബർ 25 ന് കൊവിഡിനും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ചികിത്സകൾക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തിരുന്നു. എന്നാൽ രോഗമുക്തി നേടിയതിന് ശേഷവും അദ്ദേഹത്തിന് പോസ്റ്റ്-കൊവിഡ് ആരോഗ്യ പ്രശ്‌നങ്ങൾ പതിവായിരുന്നു. തുടർന്നാണ് നവംബർ രണ്ടിന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1936 ഏപ്രിൽ 1 ന് അസമിലെ ജോർഹാട് ജില്ലയിലെ റാൺഗജനിൽ ഡോക്ടർ കമലേശ്വർ ഗൊഗൊയിയുടെയും ഉഷ ഗൊഗൊയിയുടെയും മകനായി ജനിച്ച തരുൺ ഗൊഗോയി ജോർഹാട് ഗവൺമെന്‍റ് ബോയ്സ് സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ജെ.ബി കോളജിൽ നിന്ന് ആർട്സ്, നിയമബിരുദങ്ങളും നേടി. യൂത്ത് കോൺഗ്രസ് നേതാവായാണ് തരുൺ ഗൊഗൊയി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഈ യുവപ്രതിഭയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇന്ദിരാ ഗാന്ധി സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളുടെ ചുമതല ഗൊഗൊയിയെ ഏൽപ്പിച്ചു. 1971-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജോർഹാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗൊഗൊയി വിജയം നേടി അഞ്ചാം ലോക്‌സഭയിലെ അംഗമായി. പിന്നീട് 1977-ലും 1983-ലും നടന്ന തെരഞ്ഞെടുപ്പുകൾക്ക് ശേഷം രൂപീകരിക്കപ്പെട്ട ആറും ഏഴും ലോക്‌സഭകളിലും ജോർഹാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് ഗൊഗൊയി തന്നെയായിരുന്നു.
ഇതിനിടെ 1976-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കും 1985-ൽ ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റി(ഐ)യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും അദ്ദേഹം നിയമിതനായി. 1986 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ അസം പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്‍റ് സ്ഥാനം ഗൊഗൊയി വഹിച്ചിരുന്നു .
പിന്നീട് ഗൊഗോയി കാലിയാബോറിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കാലിയബോർ സീറ്റ് നിലവിൽ അദ്ദേഹത്തിന്‍റെ മകൻ ഗൗരവ് ഗൊഗോയിയാണ് പ്രതിനിധീകരിക്കുന്നത്. 2001-ൽ അദ്ദേഹം ആദ്യമായി അസമിന്‍റെ മുഖ്യമന്ത്രിയായി. പിന്നീട് തുടരെ രണ്ട് വട്ടവും (2006-2011/2011-2016) അസമിന്‍റെ മുഖ്യമന്ത്രിയായി.