ന്യൂഡല്‍ഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് വൈകുന്ന സംഭവങ്ങളും, എമര്‍ജന്‍സി ലാന്‍ഡിങ്ങുകളും ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുകയാണെന്നും ആയതിനാല്‍ ഇക്കാര്യം അന്വേഷിക്കുന്നതിന് കമ്മിഷന്‍ രൂപീകരിക്കണമെന്നും സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം വ്യോമയാന മന്ത്രി ജ്യോതിരാതിധ്യ സിന്ധ്യയോട് ആവശ്യപ്പെട്ടു. പല കാരണങ്ങളാല്‍ നൂറ് കണക്കിന് വിമാനങ്ങള്‍ കൃത്യസമയത്ത് ടേക്ക് ഓഫ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്നുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്ന് ബിനോയ് വിശ്വം കേന്ദ്രമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
"കഴിഞ്ഞ ആറ് മാസത്തില്‍ ആശങ്കാജനകമായ രീതിയില്‍ ഉണ്ടായ ഫ്ലൈറ്റ് ടേക്ക് ഓഫിലെ കാലതാമസങ്ങളും എമര്‍ജന്‍സി ലാന്‍ഡിങ്ങുകളും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് വലിയ ആശങ്കയാണ് ഇത് ഉണ്ടാക്കുന്നത്", കത്തില്‍ ബിനോയ് വിശ്വം പറഞ്ഞു.
176 യാത്രക്കാരുമായി പുറപ്പെട്ട കാലിക്കറ്റ്- ദമാം എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ കാര്യം കത്തില്‍ ബിനോയ് വിശ്വം ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള എയര്‍ലൈനുകള്‍ വന്‍ ലാഭം ഉണ്ടാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധവയ്‌ക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് പാലിക്കേണ്ട കൃത്യമായ പരിശോധനകളെ സംബന്ധിച്ച് 1937ലെ എയര്‍ക്രാഫ്‌റ്റ് ചട്ടം കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സുരക്ഷിതമായ വിമാന യാത്ര ഉറപ്പുവരുത്തുന്നതിന് ഇടപെടലുകള്‍ ഉണ്ടാവണം. എയര്‍ക്രാഫ്‌റ്റ് മെയിന്‍റനന്‍സ് സംബന്ധിച്ചും യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് ഉന്നത അന്വേഷണ കമ്മിഷന്‍ രൂപികരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.