സിംഗപ്പൂർ: ഫോബ്‌സ് ഏഷ്യയുടെ ഹീറോസ് ഓഫ് ഫിലാന്ത്രോപ്പി പട്ടികയുടെ 16-ാം പതിപ്പ് ഇന്ന് പുറത്ത് വിട്ടു. ഗൗതം അദാനിയടക്കം മൂന്ന് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. കോടീശ്വരൻമാരായ ഗൗതം അദാനി, എച്ച്‌സിഎൽ ടെക്‌നോളജീസിന്‍റെ സഹസ്ഥാപകനായ ശിവ് നാടാർ, സോഫ്‌റ്റ്‌വെയർ സേവന സ്ഥാപനമായ ഹാപ്പിയസ്റ്റ് മൈൻഡ്‌സ് ടെക്‌നോളജീസിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായ അശോക് സൂത എന്നിവരാണ് പട്ടികയിൽ ഇടം നേടിയവർ.
കൂടാതെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ക്രിയഡോറിന്‍റെ സ്ഥാപകനും സിഇഒയുമായ മലേഷ്യൻ ഇന്ത്യൻ വ്യവസായി ബ്രഹ്മാൽ വാസുദേവൻ, അദ്ദേഹത്തിന്‍റെ അഭിഭാഷകയായ ഭാര്യ ശാന്തി കാണ്ഡ്യ എന്നിവരും പട്ടികയിലുണ്ട്. ഇവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യക്തിപരമായി പ്രതിബദ്ധത കാട്ടിയവരാണെന്ന് ഫോർബ്‌സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ വർഷം ജൂണിൽ 60 വയസ് തികഞ്ഞ ഗൗതം അദാനി ഇതുവരെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 60,000 കോടി രൂപയോളം ചെലവഴിച്ചതാണ് അദ്ദേഹത്തിന് പട്ടികയിൽ ഇടം നേടികൊടുത്തത്.
1996 ൽ സ്ഥാപിതമായ അദാനി കുടുംബത്തിന്‍റെ ഫൗണ്ടേഷനിലൂടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിലാണ് പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഓരോ വർഷവും, ഇന്ത്യയിലുടനീളമുള്ള ഏകദേശം 3.7 ദശലക്ഷം ആളുകളെയാണ് ഫൗണ്ടേഷൻ വഴി സഹായിക്കുന്നത്.