കാസർകോട് : മംഗളൂരുവിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കൂടുതൽ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറ്റി കോളജ് ഓഫ് നഴ്‌സിങിലെ 162 വിദ്യാർഥികളാണ് വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലുള്ളത്. വിദ്യാർഥികളിൽ കൂടുതലും മലയാളികളാണ്.
ഹോസ്റ്റൽ കാന്‍റീനിലെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാർഥികളുടെ പരാതി. കോളജിന്‍റെ ഭാഗമായുള്ള മൂന്ന് ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന വിദ്യാർഥികളെയാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗളൂരുവിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി മലയാളികൾ ഉൾപ്പടെ 162 വിദ്യാർഥികൾ നിലവിൽ ചികിത്സയിലുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന കോളജ് കാന്‍റീനിലെ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിദ്യാർഥികളുടെ പരാതി. വിദ്യാർഥികളുടെ ചികിത്സയ്‌ക്കായി കോളജ് അധികൃതരുടെ സഹായം ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ പൊലീസും ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം കാന്‍റീനിലെത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.