ബെംഗളൂരു: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ് . ദിവസ വേതനക്കാരും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഒരു നേരത്തെ ആഹാരത്തിനായി വലയുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലുമായ വലിയൊരു സമൂഹം സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ കടുത്ത പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുകയാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവിലുള്ള സഹായ എന്ന കൂട്ടായ്മ. അടച്ചുപൂട്ടലില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണമെത്തിക്കുകയാണിവർ.
കനിവുള്ളവരുടെ ഈ കൂട്ടായ്മ ഒരു വിളിപ്പുറത്തുണ്ട്. ഒരു ഫോണ്‍കോളില്‍ ആഹാരവുമായി യുവസംഘം വീട്ടുമുറ്റത്തെത്തും. ജില്ലയില്‍ എല്ലാഭാഗത്തും ഇവർ ഭക്ഷണമെത്തിക്കുന്നുണ്ട്. പാവപ്പെട്ടവർക്ക് മാത്രമല്ല. ആവശ്യക്കാര്‍ ആരായാലും സഹായമെത്തിക്കും. ദിവസേന നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നത്. ആശുപത്രിയിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും ഇവരുടെ സഹായം ലഭ്യമാണ്.
also read: കൊവിഡ് ബാധിതര്‍ക്ക് സൗജന്യ ഭക്ഷണവുമായി യുവ ബ്രിഗേഡ് പ്രവര്‍ത്തകര്‍
ആരും വിശക്കുന്ന വയറുമായി നടക്കരുതെന്നാണ് സഹായ ആഗ്രഹിക്കുന്നത്. ഉപ്പളിയിലെ കേന്ദ്രത്തില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്. പ്രഭാത ഭക്ഷണം വേണ്ടവര്‍ രാത്രി വിളിച്ചു പറയണം. ഉച്ചഭക്ഷണം വേണ്ടവർ രാവിലെ 10 ന് മുമ്പും അറിയിക്കണം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളുടെയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് സംഘടന ഭക്ഷണം വീടുകളിലെത്തിക്കുന്നത്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സമൂഹത്തിന് കരുതലായി നില്‍ക്കുന്ന സഹായ കൂട്ടായ്മ ഏവര്‍ക്കും മാതൃകയാണ്.