യുപിഐ (Unified Payments Interface) പണമയക്കലിന്‍റെയും സ്വീകരിക്കലിന്‍റെയും രംഗത്ത് വിപ്ലവകരമായ മാറ്റമാണ് വരുത്തിയത്. യുപിഐ ഉപയോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ വ്യാപകമായിരിക്കുകയാണ്. യുപിഐ ആപ്പുകള്‍ വഴി പണമയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അല്ലാത്ത പക്ഷം നിങ്ങളുടെ യുപിഐ അക്കൗണ്ട് ഹാക്ക്‌ചെയ്യപ്പെട്ടേക്കാം.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ പിന്‍നമ്പറും ഒരു മൊബൈല്‍ ഫോണും ഉണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മിനിട്ടുകള്‍ക്കുള്ളില്‍ പണം അയക്കാം. പക്ഷെ ഇങ്ങനെ പണം അയക്കുമ്പോള്‍ ഓര്‍ക്കേണ്ട കാര്യമാണ് യുപിഐ പിന്‍ നമ്പര്‍ തെറ്റുപറ്റാതെ നല്‍കുക എന്നുള്ളത്. ഒരു ചെറിയ തെറ്റ് സംഭവിച്ചാല്‍ പണം നിങ്ങള്‍ ഉദ്ദേശിച്ച ബാങ്ക് അക്കൗണ്ടില്‍ പോകാതെ വേറൊരു അക്കൗണ്ടില്‍ പോകാനുള്ള സാധ്യതയുണ്ട്.
അതുക്കൊണ്ട് തന്നെ യുപിഐ പിന്നുപയോഗിച്ച് നിങ്ങളൊരാള്‍ക്ക് ആദ്യമായി പണം അയക്കുമ്പോള്‍ ആദ്യം ഒരു രൂപ അയച്ച് നിങ്ങള്‍ ഉദ്ദേശിച്ച അക്കൗണ്ടില്‍ തന്നെയാണ് പണം എത്തിയതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുപോലെ കടകളിലേയും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേയും ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് നമ്മള്‍ പണം നല്‍കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.
ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ: ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ആദ്യം ആ വ്യാപര സ്ഥാപനത്തിന്‍റെ വിശദാംശങ്ങള്‍ വരും. ഈ വിശദാംശങ്ങള്‍ കൃത്യമായി മനസിലാക്കി ആ വ്യാപാര സ്ഥാപനത്തിന്‍റേതാണെന്ന് ഉറപ്പുവരുത്തണം. വ്യാപാരസ്ഥാപനങ്ങളില്‍ ആ സ്ഥാപനത്തിന്‍റേതല്ലാത്ത ക്യുആര്‍ കോഡ് പതിപ്പിച്ചുക്കൊണ്ടുള്ള തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുപിഐ അടിസ്ഥാനപ്പെടുത്തിയുള്ള ആപ്പില്‍ നാലോ ആറോ അക്കങ്ങളുള്ള പിന്നാണ് ഉണ്ടാവുക. ഒരു സാഹചര്യത്തിലും ഈ പിന്ന് മറ്റൊരാളോട് വെളിപ്പെടുത്താന്‍ പാടില്ല. നിങ്ങള്‍ പണം അയക്കുമ്പോള്‍ മാത്രമെ ഈ പിന്നിന്‍റെ ആവശ്യമുള്ളൂ എന്ന കാര്യം ഓര്‍ക്കണം. പണം സ്വീകരിക്കുന്നതിന് ഈ പിന്നിന്‍റെ ആവശ്യമില്ല.
യുപിഐ വഴി പണം അയക്കാന്‍ സാധിക്കുന്ന നിരവധി ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ യുപിഐ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്‌തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. നിങ്ങളുടെ വിവരങ്ങള്‍ അനാവശ്യമായി നിങ്ങള്‍ ആപ്പ് കമ്പനികള്‍ക്ക് നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ട്രാന്‍സാക്ഷൻ പൂര്‍ത്തിയാകുമ്പോള്‍ ബാങ്കില്‍ നിന്ന് വരുന്ന മെസേജ് വായിക്കണം. എന്തെങ്കിലും അപാകതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ അത് ഉടനെ തന്നെ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കണം.