ഐസ്‌വാള്‍: "മനുഷ്യത്വം ഓര്‍ത്ത് ഞങ്ങളെ തിരിച്ചയക്കരുത്, മ്യാന്‍മറിലേക്ക് മടങ്ങിയാല്‍ പ്രക്ഷോഭകരെ വെടിവച്ചു കൊല്ലാനും പീഡിപ്പിക്കാനും സൈന്യം ഞങ്ങളെ ഉപയോഗിക്കും." പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകളാണിവ.
മ്യാന്‍മറിലെ ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കാനുള്ള ഉത്തരവ് നിരസിച്ചാണ് രാജ്യം വിട്ടതെന്ന് ഇവര്‍ പറയുന്നു. സമരക്കാരെ മര്‍ദിക്കാനും പീഡിപ്പിക്കാനും സൈനികര്‍ നിര്‍ദേശിച്ചു. എല്ലാ പ്രക്ഷോഭങ്ങളുടെയും മുന്‍നിരയിലേക്ക് ഏപ്പോഴും പൊലീസിനെയാകും അയക്കുക. സാഹചര്യം കൂടുതല്‍ വഷളായതോടെ രാജ്യം വിടുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നെന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ തമ്പടിച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു വയ്ക്കുന്നു.
പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്‍മറില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് തുടരുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ കൃത്യമായ കണക്കുകളില്ലെങ്കിലും നൂറ് കണക്കിന് മ്യാന്‍മര്‍ അഭയാര്‍ഥികള്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലുണ്ടെന്നാണ് കരുതുന്നത്. അഭയാര്‍ഥികളില്‍ പലരും മ്യാന്‍മറിലെ പൊലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളുമാണെന്നത് ശ്രദ്ധേയമാണ്. മിസോറാമിലെ ഒരു അതിര്‍ത്തി ഗ്രാമത്തില്‍ മാത്രം 34 മ്യാന്‍മര്‍ പൊലീസ് ഉദ്യോഗസ്ഥരാണ് അഭയാര്‍ഥികളായെത്തിയത്. മ്യാന്‍മറിലെ സ്ഥിതിഗതികള്‍ ശാന്തമാകാതെ മടങ്ങാനില്ലെന്നാണ് ഇവരുടെ നിലപാട്.
അതേസമയം മ്യാന്‍മര്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനെച്ചൊല്ലി കേന്ദ്രവും മിസോറാം സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അതിര്‍ത്തി കടന്നെത്തുന്നവര്‍ക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കി നല്‍കുന്നുണ്ട് മിസോറാം സര്‍ക്കാര്‍. എന്നാല്‍ മനുഷ്യത്വപരമായ കാരണങ്ങളാലല്ലാതെ എത്തുന്ന അഭയാര്‍ഥികളെ തടയണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം, മിസോറാം അടക്കം മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മ്യാന്‍മറില്‍ നിന്നെത്തുന്നവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് കേന്ദ്ര നിലപാട്. വിഷയത്തില്‍ അടിയന്തര ഇടപെടലാവശ്യപ്പെട്ട് വ്യാഴാഴ്ച മിസോറാം മുഖ്യമന്ത്രി സോറംതംഗ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അഭയാര്‍ഥി പ്രവാഹം ശക്തമായാല്‍ സംസ്ഥാനത്തുണ്ടായാക്കാമെന്ന ഗുരുതര സാഹചര്യത്തോട് കേന്ദ്രത്തിന് കണ്ണടയ്ക്കാനാവില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.