സത്ന: യാചക സംഘത്തിലെ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. ജീവന് ജ്യോതി കോളനിയി നിവാസിയായ രാകേഷ് വർമയാണ് (30) അറസ്റ്റിലായത്. പ്രതി നേരത്തെയും ബലാത്സംഗ കുറ്റത്തിന് ശിക്ഷ അനുഭവിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: സത്നയിലെ കോട്വാലി സിറ്റി പൊലീസ് സ്റ്റേഷന് പരിധിയിലെ ജഗത്ദേവ് കുളത്തിന് സമീപം ബുധനാഴ്ച (16.08.2023) വൈകുന്നേരത്തോടെയാണ് സംഭവം. കുളത്തിന് സമീപം കുടുംബത്തോടൊപ്പം ഭിക്ഷ യാചിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് പ്രദേശത്തുണ്ടായിരുന്ന രാകേഷ് വർമ കുട്ടിയെ കാണാനിടയായി. ഇയാള്‍ കുട്ടിയെ പലതും പറഞ്ഞ് കൂടെക്കൂട്ടി സമീപത്തുള്ള ശിവക്ഷേത്രത്തിന് പിന്‍വശത്തെ മുറ്റത്ത് വച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്ഥലംവിട്ടു.
ഈ സമയത്ത് കുട്ടിയെ കാണാതെ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. പരാതി സ്വീകരിച്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഈ തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ ശിവക്ഷേത്രത്തിന് പിറകിലുള്ള മുറ്റത്ത് ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്.
അന്വേഷണവുമായി പൊലീസ്: പൊലീസ് ഉടനെ തന്നെ കുട്ടിയെ സത്ന ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ രേവ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിലവില്‍ അഞ്ചുവയസുകാരി ചികിത്സയിലാണ്. അതേസമയം സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സത്ന ചീഫ് പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിങ് അറിയിച്ചു.
നൊമ്പരമായി ആലുവയിലെ ബലാത്സംഗക്കൊല: ഇക്കഴിഞ്ഞ ജൂലൈ 28 വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്ഫാക്ക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ സംഭവം നടക്കുന്നത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ കുടുംബം പൊലീസില്‍ പരാതിപ്പെട്ടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്ഫാക്ക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മദ്യ ലഹരിയിൽ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തെങ്കിലും തുടക്കത്തില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് പിറ്റേന്ന് രാവിലെയോടെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്.
ആദ്യ ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നുവെങ്കിലും ഒടുവില്‍ കള്ളം പൊളിയുകയായിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്ന് പോകുന്നത് കണ്ടുവെന്ന് ദൃക്സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചതും നിര്‍ണായകമായി. ഇതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
കുട്ടിയെ കൊലപ്പെടുത്തി ആലുവ മാര്‍ക്കറ്റിന് പിന്‍വശത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചെന്ന് ഇയാള്‍ മൊഴി നല്‍കിയതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.