ആഗ്ര (ഉത്തര്‍പ്രദേശ്): തെരുവുനായ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആഗ്രയിലെ ദൗകി പ്രദേശത്തുള്ള കുയ് കുമാര്‍ഗര്‍ഹ് ഗ്രാമത്തിലാണ് പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കവെ പെണ്‍കുട്ടിയെ തെരുവുനായ കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സമീപത്ത് കളിക്കുകയായിരുന്ന മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുട്ടികള്‍ പൂന്തോട്ടത്തില്‍ കളിക്കുന്നതിനിടെ ആറ് തെരുവുനായകളടങ്ങിയ സംഘം ഇവിടേക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് കളിക്കുകയായിരുന്ന കുട്ടികളെ ഇവ ആക്രമിക്കാന്‍ തുടങ്ങി. തെരുവുനായയുടെ ആക്രമണത്തില്‍ സുഗ്രീവയുടെ മകള്‍ കാഞ്ചന്‍ (5) സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കാഞ്ചനൊപ്പം കളിക്കുകയായിരുന്ന പിതൃസഹോദരന്‍റെ പുത്രി രശ്‌മിക്ക് (6) ഗുരുതരമായി പരിക്കേറ്റു. ഈ കുട്ടിയെ പരിക്കുകളെ തുടര്‍ന്ന് ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് കുട്ടികളുടെ അമ്മാവന്‍ ഡോറി ലാല്‍: ആറ് നായകള്‍ ചേര്‍ന്നാണ് കുട്ടികളെ ആക്രമിച്ചത്. നായകള്‍ കുട്ടികളെ വലിച്ചിഴച്ച് അടുത്തുള്ള ഫാം വരെ എത്തിച്ചു. ഇതിനിടെ കാഞ്ചന്‍ ബഹളം വച്ചതോടെയാണ് താന്‍ സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും ഉടന്‍ തന്നെ അങ്ങോട്ടേക്ക് ഓടുന്നതും. ഈ സമയം നായകള്‍ തനിക്കുനേരെ പാഞ്ഞടുത്തുവെന്നും ഈ സമയം ഭൂരി സിങ് എന്നയാള്‍ ട്രാക്‌ടറുമായെത്തിയാണ് നായകളെ സ്ഥലത്ത് നിന്ന് തുരത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം കാഞ്ചന്‍ മരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാഞ്ചന്‍റെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ബന്ധുക്കള്‍ എത്തിയിട്ടില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സോമേന്ദ്ര മീണ പറഞ്ഞു.
കണ്ണൂരിലെ തെരുവുനായ ആക്രമണം: കഴിഞ്ഞദിവസം കേരളത്തിലെ കണ്ണൂരിലുള്ള മുഴപ്പിലങ്ങാട് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് നൗഷാദിന്‍റെ മകന്‍ നിഹാലാണ് തെരുവുനായ ആക്രമണത്തില്‍ മരിച്ചത്. ജൂണ്‍ 11 വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ വീടിന് സമീപം നിഹാലിനെ കണ്ടെത്തിയത്. അതേസമയം ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി അക്രമിച്ചതെന്നാണ് നിഗമനം.
വീട്ടില്‍ നിന്നും 300 മീറ്റർ അകലെയായാണ് ഗുരുതരമായ പരിക്കുകളോടെ നിഹാലിനെ കണ്ടെത്തിയത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലായിരുന്നു ഈ സമയം കുട്ടി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്‌ടമായിരുന്നു.
സ്വരം കടുപ്പിച്ച് പ്രതിപക്ഷം: സംഭവത്തിന് പിന്നാലെ തെരുവുനായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഴപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവത്തിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണ് ഈ മരണത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവുനായകളുടെ ആക്രമണം കണക്കുകള്‍ നിരത്തി പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നുവെന്നും, ഈ വിഷയം 2022 ഓഗസറ്റ് 30ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.