മുംബൈ: ടാറ്റ ഗ്രൂപ്പിന്‍റെ മുൻ ചെയർമാനാണ് ഞായറാഴ്‌ച വാഹനാപകടത്തിൽ മരിച്ച സൈറസ് മിസ്‌ത്രി. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വരുന്ന വഴി പാൽഘറിലെ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലാണ് മിസ്‌ത്രിയുടെ മരണം. സൂര്യ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് മിസ്‌ത്രി സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
സൈറസ് മിസ്‌ത്രിയെ കുറിച്ചുള്ള അഞ്ച് വസ്‌തുതകൾ:
- 1968ൽ മുംബൈയിലെ ഒരു സമ്പന്ന പാഴ്‌സി കുടുംബത്തിൽ ജനിച്ചു. നിർമാണ വ്യവസായി പല്ലോൻജി മിസ്ത്രിയുടെ ഇളയ മകനും വ്യവസായിയായിരുന്ന ഷപൂർജി മിസ്‌ത്രിയുടെ ചെറുമകനുമായിരുന്നു സൈറസ് മിസ്ത്രി. ടാറ്റ സൺസിൽ മിസ്ത്രി കുടുംബത്തിന് 18.5 ശതമാനം ഓഹരിയുണ്ട്. ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരിയാണിത്.
- മുംബൈയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം, ലണ്ടനിലെ ഇംപീരിയൽ കോളജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് ലണ്ടൻ ബിസിനസ് സ്‌കൂളിൽ പഠിച്ചു. 1996ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്‍റിൽ ഇന്‍റർനാഷണൽ എക്‌സിക്യൂട്ടീവ് മാസ്റ്റേഴ്‌സ് ബിരുദം നേടി.
- 1991 മുതൽ ഫാമിലി കൺസ്ട്രക്ഷൻ കമ്പനിയായ ഷപൂർജി പല്ലോൻജി ആൻഡ് കോ ലിമിറ്റഡിൽ ജോലി ചെയ്‌ത ശേഷം 2006 സെപ്റ്റംബർ ഒന്നിന് മിസ്ത്രി ടാറ്റ സൺസിൽ ചേർന്നു. പിതാവ് വിരമിച്ച് ഒരു വർഷത്തിന് ശേഷമാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിൽ ചേരുന്നത്. എന്നാൽ ടാറ്റ സൺസിൽ ചേരുമ്പോൾ ടാറ്റ എൽക്‌സി ലിമിറ്റഡ് പോലുള്ള മറ്റ് ടാറ്റ കമ്പനികളുടെ നോൺ-എക്‌സിക്യുട്ടീവ് പദവികൾ വഹിച്ച് മിസ്ത്രിക്ക് മുൻ പരിചയമുണ്ടായിരുന്നു. 2012ൽ രത്തൻ ടാറ്റ സ്ഥാനമൊഴിഞ്ഞ ശേഷം മിസ്ത്രി ടാറ്റ സണ്‍സിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി.
- 2016ൽ അവിശ്വാസ വോട്ടെടുപ്പിലൂടെ ടാറ്റ ബോർഡ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. അതേവർഷം ഡിസംബറിൽ മിസ്ത്രി കുടുംബത്തിന്‍റെ രണ്ട് സ്ഥാപനങ്ങളായ സൈറസ് ഇൻവെസ്റ്റ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും സ്റ്റെർലിങ് ഇൻവെസ്റ്റ്‌മെന്‍റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡും ടാറ്റ സൺസിന്‍റെ കെടുകാര്യസ്ഥത ആരോപിച്ച് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു.
- രോഹിയ ചഗ്ലയാണ് ഭാര്യ. ഫിറോസ് മിസ്ത്രി, സഹാൻ മിസ്ത്രി എന്നിവർ മക്കൾ. ഐറിഷ് പൗരത്വമുള്ള സൈറസ് മിസ്ത്രി ഓവർസീസ് സിറ്റിസൺ ആയാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്.