പട്‌ന : ബിഹാറിലെ കൈമൂരില്‍ അഞ്ച് കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ധൗപോഖർ നിവാസികളായ അനുപ്രിയ (12), അന്‍ഷു പ്രിയ (10), അപൂര്‍വ പ്രിയ (9), മധുപ്രിയ (11), അമന്‍ കുമാര്‍ (11) എന്നിവരാണ് മരിച്ചത്. ധൗപോഖര്‍ ഗ്രാമത്തിന് സമീപത്തുള്ള ഫക്കിറാന കുളത്തില്‍ ഇന്ന് (നവംബര്‍ 13) രാവിലെയാണ് സംഭവം.
കുട്ടികളുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും മുങ്ങല്‍ വിദഗ്‌ധരും മൃതദേഹങ്ങള്‍ കരയ്‌ക്കുകയറ്റി പരിശോധിച്ചതിന് ശേഷം ഭഭുവ സദർ ആശുപത്രിയിലേക്ക് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. കുട്ടികള്‍ എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യക്തമല്ല.
സംഭവത്തില്‍ സബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികള്‍ എന്തിനാണ് കുളക്കരയില്‍ എത്തിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മരിച്ച കുട്ടികളെല്ലാം ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം കുളത്തില്‍ കുളിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്ന് ഭഭുവ ജില്ല പരിഷത്ത് അംഗം വികാസ് സിങ് പറഞ്ഞു.
വിവരമറിഞ്ഞ നാട്ടുകാരും പൊലീസും മുങ്ങല്‍ വിദഗ്‌ധരും എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പരിശോധിച്ച പൊലീസ് അവ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും വികാസ് സിങ് പറഞ്ഞു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും ജില്ല പരിഷത്ത് അംഗം ആവശ്യപ്പെട്ടു.
കേരളത്തിലും സമാന സംഭവം : ഇക്കഴിഞ്ഞ 20നാണ് തൃശൂരിലെ വാല്‍പ്പാറയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. ഉക്കടം സ്വദേശികളായ അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വൈകിട്ട് 4.30 ഓടെ ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.
വാളയാര്‍ ഡാമില്‍ വിദ്യാര്‍ഥികളുടെ മുങ്ങി മരണം : വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് നാമക്കല്‍ സ്വദേശിയായ ഷണ്‍മുഖം (18), മൂന്നാര്‍ സ്വദേശി തിരുപ്പതി (20) എന്നിവരാണ് മുങ്ങി മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സംഭവം.
also read: വൈക്കം വെള്ളൂരിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; അപകടം മൂവാറ്റുപുഴയാറിൽ
കോളജ് അവധിയായ ദിവസം എട്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘമാണ് വാളയാര്‍ ഡാമിലെത്തിയത്. സ്ഥലത്തെത്തിയ വിദ്യാര്‍ഥികള്‍ കുളിക്കാനായി ഡാമില്‍ ഇറങ്ങിയപ്പോള്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഇരുവരും ആഴമുള്ള ഭാഗത്തേക്ക് ഒഴുകി പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. രണ്ട് മണിക്കൂര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.