ബൗധ് (ഒഡിഷ) : നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഒഡിഷയുടെ പലഭാഗത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡില്‍ അടക്കം വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് ജനങ്ങള്‍. മഴ പേടിച്ച് പുറത്തിറങ്ങാന്‍ പോലും തയ്യാറാകാതെ ചിലര്‍ വീടിനുള്ളില്‍ കഴിയുമ്പോള്‍ ബൗധ് പ്രദേശത്തെ തെരുവുകളില്‍ ചിലര്‍ മീന്‍പിടിത്തത്തില്‍ തിരക്കിലാണ്.
മഴയോ വെള്ളമോ കാര്യമാക്കാതെ മീന്‍പിടിത്തത്തിലെ തങ്ങളുടെ വൈദഗ്‌ധ്യം തെളിയിക്കാനുള്ള സുവര്‍ണാവസരമായാണ് നിലവിലെ സാഹചര്യത്തെ അവര്‍ കാണുന്നത്. തെരുവിലെ വെള്ളക്കെട്ടുകള്‍ ഉണ്ടാക്കിയ ദുരിതം ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോഴും മീന്‍ പിടിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷവും ഇവര്‍ക്കുണ്ട്.
ഫിഷറീസ് വകുപ്പിന്‍റെ കുളങ്ങള്‍ കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയതോടെയാണ് വെള്ളക്കെട്ടുകളില്‍ മീനുകള്‍ എത്തിയത്. പിന്നീട് കണ്ടത് കൊട്ട അടക്കമുള്ള മീന്‍ പിടിത്ത ഉപകരണങ്ങളുമായി റോഡിലേക്ക് ഇറങ്ങിയ ആളുകളെയാണ്. വെള്ളം നിറഞ്ഞ റോഡിലെ കുഴികളില്‍ മീനുകളെ തെരഞ്ഞുള്ള നടത്തവും വെള്ളിത്തിനടിയില്‍ മീനുകളെ കാണുമ്പോഴുള്ള ആവേശവും കോരിച്ചൊരിയുന്ന മഴയിലും അവര്‍ ആസ്വദിക്കുകയായിരുന്നു. കരിമീന്‍ അടക്കം വ്യത്യസ്‌ത മീനുകള്‍ ലഭിച്ചവര്‍ സന്തോഷം കൊണ്ട് നൃത്തം വയ്‌ക്കുന്നതും ബൗധയില്‍ നിന്നുള്ള കാഴ്‌ചയായിരുന്നു.
രണ്ട് ദിവസമാണ് ഒഡിഷയില്‍ മഴ നിര്‍ത്താതെ പെയ്‌തത്. സംഭരിക്കാവുന്നതിലും അധികം വെള്ളം എത്തിയപ്പോള്‍ ഫിഷറീസ് വകുപ്പിന്‍റെ മീന്‍ കുളങ്ങള്‍ കരകവിഞ്ഞ് ദേശീയപാത 57ലേക്ക് ഒഴുകി. ദേശീയ പാത ജലപാതയായി.
ആളുകള്‍ക്ക് മീന്‍ ലഭിച്ചതില്‍ സന്തോഷം ഉണ്ടെങ്കിലും ഫിഷറീസ് വകുപ്പിന് കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ജില്ല ഫിഷറീസ് ഓഫിസര്‍ ലിപ്‌സ പട്‌നായിക് പറഞ്ഞു. കനത്ത മഴയില്‍ രണ്ട് ഡസനോളം വിഭാഗം മീനുകളാണ് ഒലിച്ചു പോയതെന്നും ഏകദേശം ഒമ്പത് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നും ലിപ്‌സ പ്രതികരിച്ചു.
അതേസമയം, ഒഡിഷയില്‍ അടുത്ത 24 മണിക്കൂറിലും മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ജില്ലകളില്‍ അതി ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. തീരദേശ ജില്ലകളില്‍ മിതമായ മഴയ്‌ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. സുന്ദര്‍ഗഢിലും സമ്പല്‍പൂരും അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്.
വടക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദം ഇപ്പോൾ ഡിപ്രഷനായി മാറിയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്‍റെ (ഐഎംഡി) ആന്ധ്രാപ്രദേശ് പ്രാദേശിക കേന്ദ്രം നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ഡിപ്രഷന്‍ നിലവിൽ കേന്ദ്രീകരിച്ച് കൂടുതൽ തീവ്രതയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. ഇത് ആഴത്തിലുള്ള ഡിപ്രഷനായി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഈ ഡിപ്രഷന്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നത് തുടരുമെന്നും ഇന്ന് വൈകുന്നേരത്തോടെ ബംഗ്ലാദേശിലെ ഖേപുപാറയ്ക്ക് സമീപം കരയിൽ പതിക്കുമെന്നും ഐഎംഡി പ്രവചിക്കുന്നുണ്ട്. തുടർന്ന്, അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതീരമായ പശ്ചിമ ബംഗാളിനെ കടന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചാരം തുടരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.